അവസാന അങ്കവും ജയിച്ച്, ചതിയില്‍ പരാജയപ്പെട്ടുപോയ കടത്തനാടന്‍ പോരാളി; തച്ചോളി ഒതേനന്‍റെ മാണിക്കോത്ത് വീട്ടുമുറ്റത്ത് നിന്ന് രഞ്ജിത്ത് ടി.പി. എഴുതുന്നു


രഞ്ജിത്ത് ടി.പി.

ടകര മേപ്പയില്‍ മാണിക്കോത്ത് തറവാടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ മനസില്‍ പ്രതീക്ഷിച്ചിരുന്ന ഒരന്തരീക്ഷമായിരുന്നില്ല അവിടെ. ചുറ്റും കാട് നിറഞ്ഞിരിക്കുന്നു. വീടിന്റെ മുറ്റവും ആള്‍ പെരുമാറ്റം ഇല്ലാത്ത സ്ഥലം പോലെ തോന്നിച്ചു. ഒരുവീര ഇതിഹാസ നായകന്‍ ജനിച്ച് ജീവിച്ച് ജയിച്ച് ഒടുവില്‍ ചതിയുടെ തോക്കിന്‍ മുനയില്‍ ജീവിതം അവസാനിച്ചു പോയ മണ്ണ്..

ആ യോദ്ധാവ് മറ്റാരുമല്ല, തച്ചോളി ഒതേനന്‍..

ഒന്നുകൂടി വിസ്തരിച്ചാല്‍ മേപ്പയില്‍ തച്ചോളി മാണിക്കോത്ത് കോവിലകത്ത് കുഞ്ഞി ഒതേന കുറുപ്പ്…

വടക്കന്‍ പാടിലൂടെ കേട്ടു തഴമ്പിച്ചതും അഭ്രപാളികളിലൂടെ കണ്ട് മനസിലുറച്ചു പോയതുമായ ഒതേനനെ കുറിച്ച് ഒരു ചുരുക്കെഴുത്ത് അസാദ്ധ്യം. അത്യന്തം നാടകീയതയും, ദുരൂഹതയും ആന്റി ക്ലൈമാക്‌സുകളും ആവോളം ചേര്‍ത്തിട്ടുള്ള ഒതേനന്റെ വീര കഥകള്‍ പാണനാരുടെ പ്രകീര്‍ത്തനങ്ങളിലൂടെയാണ് അധികവും ലോകമറിഞ്ഞത്.

തച്ചോളി മാണിക്കോത്ത് ക്ഷേത്രം

തച്ചോളി മാണിക്കോത്ത് ക്ഷേത്രം

പുതുപ്പണം വാഴുന്നോരുടെ മകന്‍ ഒതേനന്‍, ജേഷ്ഠന്‍ കോമകുറുപ്പ് അനുജന്‍ കേളു കുറുപ്പ്. പത്തൊന്‍പത് അടവുകളും പയറ്റിതെളിഞ്ഞ ഒതേനനെ ജയിക്കാന്‍ കടത്തനാട്ടിലോ മറുനാട്ടിലോ ആരുമുണ്ടായിരുന്നില്ല. ഒതേനന്‍ കഥകളില്‍ ഉടനീളം പ്രതികാരവും ചതിയും ഉണ്ട്. പ്രമാണിത്തവും അടിമത്തവും ഉണ്ട്.

തച്ചോളി ഒതേന്റെ എല്ലാ രഹസ്യങ്ങളുമറിയുന്ന, നിഴലായി എന്നും കൂടെ ഒരാളുണ്ടായിരുന്നു. തണ്ടാശ്ശേരി ചാപ്പന്‍. സത്യത്തില്‍ പുതുപ്പണം വാഴുന്നോരുടെ മകന്‍ തന്നെയാണ് തണ്ടാശ്ശേരി ചാപ്പന്‍. അതായത് ഒതേനന്റെ സഹോദരന്‍ തന്നെ. പക്ഷെ തണ്ടാശ്ശേരി ചാപ്പന്‍ തച്ചോളി കുറുപ്പന്മാരുടെ പേരില്‍ അറിയപ്പെടില്ല. അല്ലെങ്കില്‍ അതിന് അനുവദിച്ചില്ല. ഒതേനന്റെ അവസാന അങ്കം മതിലൂര്‍ ഗുരുക്കളുമായിട്ടായിരുന്നു. ക്ഷേത്രത്തില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കം ഒടുവില്‍ അങ്കം കുറിക്കാന്‍ കാരണമാവുകയായിരുന്നു. പൊന്‍കുന്തം ചാരും പ്ലാവിനോട് മണ്‍ കുന്തം ചാരിയതാരാണ് എന്ന് പരിഹസിച്ച് ഒതേനന്‍ മതിലൂര്‍ ഗുരുക്കള്‍ പ്ലാവിനോട് ചാരി വെച്ച തോക്ക് എറിഞ്ഞു കളഞ്ഞു എന്നും അവിടെ വെച്ച് അങ്കം കുറിച്ചു എന്നും പറയപ്പെടുന്നു.

ഒതേനനോട് നേരിട്ട് അങ്കം ജയിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കിയ മതിലൂര്‍ ഗുരുക്കള്‍ ഒതേനനുമായി ബന്ധം പുലര്‍ത്തിയ സ്ത്രീയായ കയ്യുന്നേടത്തില്‍ കുഞ്ഞിത്തേയിയെ പരിന്തിങ്കല്‍ പണിക്കരിലൂടെ സ്വാധീനിച്ച് വശത്താക്കുന്നു. ഒതേനന്റെ മംഗല്യ മണിയാത്ത പെണ്ണ് എന്നാണ് കുഞ്ഞിത്തേയി തന്നെ പറയുന്നത്. പരിന്തിങ്കല്‍ പണിക്കര്‍ നല്‍കിയ സ്വര്‍ണ്ണ കിഴിയേക്കാള്‍ പ്രമാണിത്തത്തിലൂടെയും കായിക ബലത്തിലൂടെയും തന്റെ പാതിവൃത്യം കവര്‍ന്ന ഒതേനനോടുള്ള പകയും പ്രതികാരവും ആവാം കുഞ്ഞിത്തേയിയെ ചതിക്ക് പ്രേരിപ്പിച്ചത് എന്ന് തോന്നും വിധം പറയാതെ പറഞ്ഞു വെക്കുന്നുണ്ട് ചില കഥകളില്‍ പാണനാര്.

ഒടുവില്‍ കര്‍ണ്ണന് കവച കുണ്ടലങ്ങള്‍ എന്ന പോലെ ഒതേനന്‍ ധരിച്ചിരുന്ന ഉറുക്കും തണ്ടും കൂടി കാഴ്ചക്കിടയില്‍ കുഞ്ഞിതേയി ഒളിപ്പിച്ചു വെക്കുന്നു. അങ്കത്തിന് മുമ്പ് തണ്ടാശ്ശേരി ചാപ്പനെ തേയിക്കടുത്തേക്ക് അയച്ചിട്ടും തേയി ഉറുക്കും നൂലും നല്‍കാന്‍ തയ്യാറായില്ല. ഈ കഥയില്‍ തണ്ടാശേരി ചാപ്പനെ ഒതേനനെ ചതിച്ചവരുടെ കൂട്ടത്തില്‍ പെടുത്തുന്നതിന് മനഃപൂര്‍വ്വമോ അല്ലാതെയോ ഒതേനന്റെ സഹോദരന്‍ കോമക്കുറുപ്പ് ശ്രമിക്കുന്നുണ്ട്.

സാമര്‍ത്ഥ്യക്കാരനായ ചാപ്പന്‍ അതിസാമര്‍ത്ഥ്യം കാണിക്കും എന്ന് ഒതേനനോട് അദ്ദേഹം നേരത്തെ പറയുന്നുണ്ട്. അതിന്റെ കാരണം കഥകളില്‍ വ്യക്തവുമല്ല. സത്യത്തില്‍ ഉറുക്കും തണ്ടും കൊണ്ടുവരാന്‍ കഴിയാത്ത സങ്കടത്തില്‍ ചാപ്പന്‍ മൂന്ന് ദിവസത്തെ പൊന്നിയത്ത് അങ്കം തീരും വരെ ഒതേനന് വേണ്ടി ലോകനാര്‍കാവില്‍ ശയനപ്രദക്ഷിണം വെക്കുകയായിരുന്നു.

ലോകനാര്‍ കാവ്

ലോകനാര്‍ കാവ്

പൊന്നിയത്ത് അങ്കത്തിന് പുറപ്പെടും മുമ്പ് മുഹൂര്‍ത്ത ചോറില്‍ ദുര്‍നിമിത്തം ഉണ്ടായിട്ടും ലോകനാര്‍കാവിലമ്മ ക്ഷേത്രത്തിലെ നമ്പൂതിരിയിലൂടെ അരുളിചെയ്ത് തടസം നിന്നിട്ടും ഒതേനന്‍ മതിലൂര്‍ ഗുരുക്കളോട് അങ്കം ജയിച്ചു. ഗുരുക്കളുടെ അടവുകളും ചതിയടവുകളും സമര്‍ത്ഥമായി നേരിട്ട ഒതേനന്‍ പക്ഷെ ഒരു കള്ളചുവട് കുത്ത് പരിച കൊണ്ട് തടുത്തപ്പോള്‍ അല്‍പ്പമൊന്ന് പതറി. ഗുരുക്കള്‍ അറ്റകൈ പ്രയോഗം നടത്തിയാല്‍ തനിക്ക് പിടിച്ചു നിക്കാനാവില്ലെന്ന് മുന്‍കൂട്ടി കണ്ടിട്ടാവണം പിന്നെ താമസിച്ചില്ല ഗുരുക്കള്‍ക്ക് മുന്നെ ഒതേനന്‍ ഒട്ടു പറഞ്ഞ് ഉടന്‍ പൂഴികടകന്‍ പ്രയോഗിച്ചു. ഒതേന്റെ മാസ്മരിക പ്രകടനത്തില്‍ ഗുരുക്കള്‍ക്ക് ചുവടു പിഴച്ചു. ആ ഒരു നിമിഷം മതിയായിരുന്നു ഒതേനന്. ഗുരുക്കളുടെ ശിരസിനും ഉടലിനും ഇടയിലൂടെ ഒതേനന്റെ വാള്‍ കടന്നു പോയി.

പക്ഷെ അംങ്കത്തിന് ശേഷം പൊന്നിയത്ത് വലിയ വരമ്പില്‍ വെച്ച് മറന്ന ആയുധമെടുക്കാന്‍ തിരിച്ചു പോയപ്പോള്‍ മായിന്‍കുട്ടി എന്ന കമ്മാരന്‍ കുട്ടിയുടെ ചതിയില്‍ ചീറി പാഞ്ഞു വന്ന വെടിയുണ്ട തച്ചോളി ഒതേന്‍ എന്ന യോദ്ധാവിന്റെ ജീവനെടുത്തു. മായിന്‍ കുട്ടിയായ കമ്മാരന്‍ കുട്ടിക്ക് തച്ചോളിക്കാരോട് നേരത്തെ പകയുണ്ടായിരുന്നു.

32 വയസായിരുന്നു ആ സമയത്ത് ഒതേന്റെ പ്രായം. 32 വയസിനുള്ളില്‍ 64 അങ്കം ജയിച്ച പോരാളി. വെടിയേറ്റ് ശ്വാസം നിലക്കും മുമ്പ് ഒതേനന്‍ സ്വത്തുക്കള്‍ മകന്‍ അമ്പാടിക്ക് ഉള്‍പ്പെടെ വാക്കാല്‍ ഭാഗിക്കുന്നുണ്ട്. ഒരു തരത്തില്‍ ഒസ്യത്ത് തന്നെ.

കൊണ്ടു നടന്നതും നീയേ ചാപ്പാ… കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ…. ഒരിക്കലും മറക്കില്ല ഒതേനന്റെ ഈ ദൈന്യത നിറഞ്ഞ വാക്കുകള്‍.
തണ്ടാശ്ശേരി ചാപ്പന്‍ ചതിച്ചെന്ന് ഒതേനനും സംശയിച്ചിരുന്നു എന്ന് വ്യക്തം. നെറ്റിയില്‍ വെടിയേറ്റ ഒതേനന്‍ മഞ്ചല്‍ കൊണ്ടുവരാന്‍ ശ്രമിച്ച സഹായികളെ തടഞ്ഞു. പടജയിച്ച കുറുപ്പ് മഞ്ചലില്‍ പോയാല്‍ മാലോകര്‍ പരിഹസിക്കും എന്ന് പറഞ്ഞ് പൊന്നിയത്ത് നിന്ന് മാണിക്കോത്ത് വരെ നടന്നുവെന്നത് അതിശയത്തോടെയേ കേള്‍ക്കാനാവൂ.

ഇതിനൊരു ആന്റി ക്ലെമാക്‌സ് കൂടി ഉണ്ട് ഒതേനനെ വധിച്ച മായിന്‍കുട്ടിയെ ചാപ്പനാണ് വധിക്കുന്നത്. പക്ഷെ പുള്ളുവനാണ് വധിച്ചതെന്ന് പാടണമെന്ന് ഒതേനന്റെ ജേഷ്ഠന്‍ കോമകുറുപ്പ് പാണനാരോട് കല്‍പ്പിച്ചു എന്ന് ചില കഥകളില്‍ കാണുന്നുണ്ട്. പുള്ളുവന്റെ അമ്പ് കൊള്ളും മുമ്പ് ചാപ്പന്റെ വാള്‍ മായിന്‍കുട്ടിയുടെ തലയറുത്തു. അതല്ല ഒതേനന്‍ തന്നെ ഉറുമി കൊണ്ട് മായിന്‍കുട്ടിയുടെ തലയെടുത്തു എന്ന് വടക്കന്‍ പാട്ടില്‍ കേള്‍ക്കുന്നു.

കുംഭം 10 നാണ് ഒതേനന്റെ മരണം. തച്ചോളി മാണിക്കോത്ത് തറവാട് ഇന്ന് ക്ഷേത്രമാണ്. ഒതേനന്‍ ദൈവമാണ്. പുള്ളുവനും ആരാധനാ മൂര്‍ത്തിയാണ്. ഉത്സവ കെട്ടിയാട്ടം ശരിക്കും കളരി അഭ്യാസം തന്നെയാണ്. ഏകദേശം കളരി മെയ്യറക്കങ്ങള്‍, വാള്‍ പയറ്റ്, ചുരിക, ഉറുമി പയറ്റ് എല്ലാം കെട്ടിയാട്ടക്കാരന്‍ പ്രദര്‍ശിപ്പിക്കും. ഉത്സവദിവസം ചെണ്ടയുടെ രൗദ്രതാളം മുറുകുമ്പോള്‍ തെയ്യം കലാകാരന്‍ ഉറഞ്ഞ് യഥാര്‍ത്ഥ ഒതേനനിലേക്ക് പരകായപ്രവേശനം നടത്തുമ്പോള്‍ ക്ഷേത്രത്തിനുള്ളില്‍ ഒതേനന്‍ കിടന്നിരുന്ന കട്ടില്‍ പോലും താനേ വിറക്കുമെന്ന് ഇവിടുത്തുകാര്‍ വിശ്വസിക്കുന്നു.

ആദിവസം ഏതോ സമയം ക്ഷേത്ര മുറ്റത്തെ കാഞ്ഞിരമരത്തിന്റെ ഇലക്ക് മധുരമാണെത്രെ. വിശ്വാസമാണ് ഇതെല്ലാം. ലോകനാര്‍കാവും ഒതേനനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഒതേനന്‍ ലോകനാര്‍കാവില്‍ സമ്മതം വാങ്ങി പ്രാര്‍ത്ഥിച്ചേ എന്തു കാര്യത്തിനും പുറപ്പെടു. ഒതേനന്‍ വേളി കഴിച്ചത് പന്തക്കല്‍ മുണ്ട വീട്ടില്‍ നിന്നാണ്. ഒതേനന്‍ ഉണ്ട വീട് എന്നത് ലോപിച്ച് മുണ്ട വീടായി എന്ന് പറയപ്പെടുന്നു. ആ വീട്ടിലും ഒരു കുളവും കൂറ്റന്‍ കല്‍പ്പടവും ഉണ്ട്. വിസ്തരിച്ച കുളിക്ക് മുമ്പ് ഒതേനന്‍ എണ്ണ തേച്ച് ദീര്‍ഘനേരം ഇരിക്കാറുണ്ടായിരുന്നു എന്ന് പറയുന്ന കല്‍പ്പടവ്.. മാണിക്കോത്ത് ക്ഷേത്ര ഉല്‍സവത്തിന് ഇന്നും മുണ്ട വീട്ടില്‍ നിന്നും ചില ആചാര അനുഷ്ടാനങ്ങള്‍ ഉണ്ട്. ഇത് രണ്ട് തറവാടും തമ്മിലുള്ള ബന്ധങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഒതേനന്റെ മരണശേഷം ഒതേനന്റെ ആയുധങ്ങള്‍ ഏതോ കിണറ്റിലിട്ടു എന്നാണ് പഴമക്കാര്‍ പറയുന്നത്. മരണ ശേഷവും ഇവിടെ ഒരു പാട് കാലം കളരി നടന്നിരുന്നു. ക്ഷയിച്ചു പോവാന്‍ സാധ്യതയുള്ള ക്ഷേത്രമല്ലാതെ ഒതേനന്റെ ജീവചരിത്രത്തെ സാധൂകരിക്കുന്ന ഒന്നും ഇന്ന് മാണിക്കോത്ത് ഇല്ല. ഒതേനന്റെ ആയുധങ്ങള്‍ കണ്ടെടുത്ത് ഒരു മ്യൂസിയം ഉണ്ടാവണ മെന്ന് നാട്ടുകാരില്‍ ചിലര്‍ക്ക് അഭിപ്രായമുണ്ട്. കഥകളില്‍ ജ്വലിച്ച് നിന്ന ഒതേനനും ശേഷിപ്പുകളും ഇന്ന് വേണ്ട വിധത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് സംശയമാണ്.

ജീവിച്ചിരിക്കുന്നവരെ കുറിച്ച് തന്നെ ഓര്‍മ്മിക്കാന്‍ നേരമില്ലാത്ത നമ്മള്‍ക്ക് തച്ചോളി ഒതേനന്‍ എന്ന വീര ഇതിഹാസ നായകനെ ഓര്‍മ്മിക്കാന്‍ സമയമുണ്ടാവുമെന്ന് എങ്ങനെ വിശ്വസിക്കും.