രണ്ടു മാസത്തെ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ചു കിട്ടും; വിതരണം അടുത്ത ആഴ്ച മുതൽ


കോഴിക്കോട്: ഓണം ആഘേഷമാകും, ക്ഷേമ പെന്‍ഷനുകള്‍ അടുത്ത ആഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ടു മാസത്തെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ ഒന്നിച്ച് 3200 രൂപ വീതമാണ് നല്‍കുക. 57 ലക്ഷം പേര്‍ക്കായി 2100 കോടി രൂപയാണ് ക്ഷേമ പെന്‍ഷനായി നൽകുന്നത്.

ഓണകിറ്റ് വിതരണവും ഈ മാസം 22 ന് ആരംഭിക്കും. 92 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണകിറ്റ് ലഭിക്കും. കണ്‍സ്യൂമര്‍ഫെഡിന്റെ 1600 ഓണച്ചന്തകള്‍ ഓഗസ്റ്റ് 29 മുതല്‍ പ്രവര്‍ത്തിക്കും. 13 ഇന നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയിലും മറ്റിനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവിലും ലഭ്യമാകും. മില്‍മയുടെ ഓണം സ്‌പെഷ്യല്‍ കിറ്റും ആവശ്യത്തിന് പാല്‍ ഉല്‍പ്പന്നങ്ങളും ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സപ്ലൈകോ ഓണച്ചന്തകള്‍ 27 മുതലാണ് ആരംഭിക്കുക. ജില്ലാ ചന്തകളും അന്നുതന്നെ തുറക്കും. എറണാകുളത്തും കോഴിക്കോട്ടും മെട്രോ ഫെയറുമുണ്ട്. 140 നിയോജക മണ്ഡലത്തിലും സെപ്റ്റംബര്‍. ഒന്നിന് ചന്ത തുടങ്ങും. എല്ലാ മേളയും ആറുവരെയാണ്. 1000 മുതല്‍ 1200 രൂപവരെയുള്ള പ്രത്യേക ഓണക്കിറ്റും ലഭ്യമാക്കും.

ഹാന്‍ടെക്സിന്റെ 84 വില്‍പ്പനകേന്ദ്രത്തില്‍ ഏഴുവരെ 20 ശതമാനം വിലക്കിഴിവുണ്ടാകും. വിവിധ വിഭാഗത്തിന് തവണവ്യവസ്ഥയില്‍ 10,000 രൂപയ്ക്കുവരെ തുണിത്തരങ്ങള്‍ ലഭ്യമാക്കും. ജില്ലകളിലെ ഓണാഘോഷത്തിന് ടൂറിസംവകുപ്പ് മുന്‍കൈ എടുക്കും. നാടന്‍ കലകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ആഘോഷങ്ങള്‍ക്കായി 35 ലക്ഷം രൂപവരെ ജില്ലകള്‍ക്ക് അനുവദിക്കും.

Summary: The distribution of welfare pensions for two months will start next week.