‘ഇത് കളിസ്ഥലമല്ല, കളിസ്ഥലത്തിന്റെ മറപിടിച്ച് വികസനം ഇല്ലാതാക്കാനാണ് ശ്രമം, സമരം തികച്ചും രാഷ്ട്രീയ പ്രേരിതം’; എം.സി.എഫിനെതിരായ സമരത്തിൽ പ്രതികരണവുമായി അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ് നടപടിയെ കുറിച്ചും വിശദീകരണം


അരിക്കുളം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരിക്കുളത്ത് മാലിന്യ സംസ്‌കരണ കേന്ദ്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതൻ മാസ്റ്റർ. പോലീസ് ഇരച്ചുകയറി നൂറിൽ പരം സമരക്കാരെ അറസ്റ്റു ചെയ്തു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ ഇത് തെറ്റാണെന്നും ഇന്നലെ തന്നേ സമരക്കാർക്ക് പ്രവൃത്തി ആരംഭിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത് ഇങ്ങനെ…

കളിം സ്ഥലം ഇല്ലാതാക്കിയാണ് എം.സി.എഫ് നിർമ്മിക്കുന്നത് എന്നുള്ള തരത്തിലുള്ള പ്രചരണം തീർത്തും കള്ളമാണ്. അവിടെ കളി സ്ഥലം ഉണ്ടായിരുന്നില്ല. ആറ് വർഷങ്ങൾക്ക് മുമ്പ് ഭാവന ലെെബ്രറിയുടെ വാർഷികത്തിന്റെ ഭാഗമായാണ് ഇറിഗേഷന്റെ കെെവശമുള്ള ഭൂമി കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കുന്നത്. പൊതു ഇടം അല്ലിത്, പലരും അവിടെ വന്ന കളിക്കാറുണ്ടെങ്കിലും പൊതു ഇടത്തിലാണ് എം.സി.എഫ് നിർമ്മിക്കുന്നത് എന്ന പ്രചരണം തീർത്തും തെറ്റാണ്. എം.സി.എഫ് വരാതിരിക്കാൻ കൊണ്ടുവന്ന ന്യായം മാത്രമാണിത്.

കളി സ്ഥലത്തിന്റെ മറ പിടിച്ച് വികസനം ഇല്ലാതാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമം. ഇത് തികച്ചും രാഷ്ട്രീയ പ്രേരിത സമരമാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ എത്തുന്നു, ഇതിൽ നിന്നെല്ലാം വ്യക്തമാകുന്നത് ഇത് രാഷ്ട്രീയ പ്രേരിതമായ സമരമാണെന്നാണ്. കഴിഞ്ഞ അറുപത് വർഷമായി ഇടതുപക്ഷ പ്രസ്ഥാനമാണ് അരിക്കുളം ഭരിക്കുന്നത്. ഭരണ സമിതിയെ അപകീർത്തി പെടുത്താനാണ് ഇതിലൂടെ പ്രതിപക്ഷം ശ്രമിക്കുന്നത്.

നിലവിലെ സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് സമരക്കാരുടെ ആവശ്യം. സ്ഥലം വാങ്ങി നൽകാമെന്ന ഒരു ഉപാധി അവർ മുന്നോട്ട് വെച്ചിരുന്നു, എന്നാൽ അത് പ്രായോഗികമല്ലെന്നും ഞങ്ങളെ പറ്റിക്കാനാണ് ഇത്തരത്തിലൊരു തീരുമാനം അവർ പറഞ്ഞത്. ഇവിടെ നിന്ന് മറ്റൊരിടത്തേക്ക് മാറ്റിയാലും അവിടെയും പ്രതിഷേധം ഉയരും. മാലിന്യ സംസ്ക്കരണ കേന്ദ്രമെന്ന തരത്തിലുള്ള പ്രചരണമാണ് ഇതിന് എതിരെ നടത്തിയത്.

ഇന്ന് പ്രവൃത്തി ആരംഭിക്കുന്നതിനാൽ പ്രവർത്തകർ തടയുമെന്ന് വ്യക്തമായാതിനാലാണ് പോലീസിൽ റിപ്പോർട്ട് ചെയ്തത്. സമര കേന്ദ്രത്തിലേക്ക് പോലീസ് ഇരച്ചുകയറി എന്നത് തെറ്റാണ്. ഇന്ന് പണി ആരംഭിക്കുമെന്ന് പോലീസ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. നൂറിൽ പരം ആളുകളെ പോലീസ് അറസ്റ്റുചെയ്ത് നീക്കി എന്നതും തെറ്റാണ്.

കൊയിലാണ്ടി തഹസിൽദാർ സി.പി മണിയുടെ സാന്നിധ്യത്തിലാണ് ഇന്ന് പ്രവൃത്തി ആരംഭിച്ചത്. അവരോട് അറസ്റ്റിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്. അല്ലാതെ പോലീസ് ഇരച്ചു കയറിയിട്ടില്ല. കൊയിലാണ്ടി പോലീസിന്റെ കണക്കുപ്രകാരം 53 പേരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. ഇവരിൽ വിവിധ രാഷ്ട്രിയ പാർട്ടികളുടെ സജീവ പ്രവർത്തകരും ഉൾപ്പെടുന്നു.

സർക്കാർ ഭൂമിയാണ്, ഇത് നിങ്ങളുടെ കളി സ്ഥലമല്ല എന്ന് ആർ.ഡി.ഒ യും വ്യക്തമാക്കിയതാണ്. നിയമപരമായി എം.സി.എഫ് നിർമ്മിക്കാൻ പഞ്ചായത്തിന് വിട്ടു നൽകിയതാണ് ഭൂമി. ഇത് കളിസ്ഥലമാണെന്ന് നിങ്ങൾ പറഞ്ഞാൻ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഫെബ്രുവരി 25 ന് ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞത്. അവരോട് സമരം അവസാനിപ്പിക്കാനും പഞ്ചായത്തിനോട് പദ്ധതിയുമായി മുന്നോട്ട് പോകാനുമാണ് അദ്ദേഹം നിർദേശിച്ചത്.

പഞ്ചായത്തിന്റെ ചുമതലയാണ് എം.സി.എഫ് നിർമ്മിക്കുക എന്നത്. എം.സി.എഫ് നിർമ്മിക്കാൻ പഞ്ചായത്തിന്റെ കെെവശം സ്ഥലം ഇല്ലെന്ന് അറിയിച്ചതിനെ തുടർന്ന് അന്നത്തെ കലക്ടറായിരുന്ന സാംബശിവ റാവു സീറോ വെയ്സ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇറിഗേഷന്റെ കെെവശമുള്ള സ്ഥലം എം.സി.എഫ് നിർമ്മിക്കാൻ വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇവിടെ സ്ഥാപിക്കാൻ തീരുമാനിക്കുന്നത്. വീടുകളിൽ നിന്ന് കഴുകി വൃത്തിയാക്കി ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ തരംതിച്ച് കയറ്റി അയക്കുക മാത്രമാണ് എം.സി.എഫ് വഴി ചെയ്യുന്നത്. അതിനാൽ പ്രദേശക്കാർക്ക് ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

ALSO READ- ” സ്വന്തം നാട്ടുകാരെ തല്ലിയോടിക്കാന്‍ പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങുന്ന പഞ്ചായത്ത് പ്രസിഡന്റ് അരിക്കുളത്തിന് അപമാനം” ജെ.സി.ബിയ്ക്ക് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിയുമായി സമരക്കാര്‍- വീഡിയോ കാണാം

ALSO READ- ‘പൊലീസ് സഹായത്തോടെ അരിക്കുളത്ത് എം.സി.എഫ് നിര്‍മ്മാണം ആരംഭിക്കാന്‍ ശ്രമം; ചെറുത്ത് സമരസമിതി, പ്രദേശത്ത് സംഘര്‍ഷം, നൂറിലേറെപേര്‍ അറസ്റ്റില്‍

ALSO READ- എം.സി.എഫ് വിരുദ്ധ സമരക്കാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അരിക്കുളം; ഹർത്താൽ പൂർണ്ണം