[Theerpu Movie] ‘വടകരയിൽ റിസോട്ടിലെ ആക്രമണം’; തകർത്തടുക്കി പൃഥ്വിരാജും ഇന്ദ്രജിത്തും; തീർപ്പ് സിനിമയിൽ പശ്ചാത്തലമായി വടകര
വേദ കാത്റിൻ ജോർജ്
വടകര: തീർപ്പ് കൽപ്പിക്കാൻ പൃഥ്വിരാജും സംഘവും എത്തുമ്പോൾ പ്രധാന പശ്ചാത്തലമായി വടകര. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന ‘തീർപ്പ്’ സിനിമയിൽ പൃഥ്വിരാജും ഇന്ദ്രജിത്തും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
ബാബരി മസ്ജിദിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന തീര്‍പ്പിലെ മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന സൈജു കുറിപ്പിലൂടെയാണ് സ്ഥലം വടകരയാണെന്നുള്ളത് സിനിമയിൽ പ്രതിപാദിക്കുന്നത്. വടകരയിലെ ഒരു റിസോർട്ടിലാണ് കഥ നടക്കുന്നതെന്ന് സൈജു കുറുപ്പിന്റെ കഥാപാത്രം നിരവധി തവണ പറയുന്നുണ്ട്. എന്നാൽ ഒരു റിസോർട്ടിന് അകത്ത് നടക്കുന്ന കഥ ആയതിനാൽ വടകരയുടെ ഭുമിശാസ്ത്രമോ നാടോ ഒന്നും സിനിമയിൽ കാണാൻ സാധിക്കില്ല.
1993 ലും 2022-ലുമാണ് കഥ നടക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രമായ അബ്ദുള്ള മരക്കാറിന്‍റെ കുടുംബത്തില്‍ ഇപ്പോള്‍ ശേഷിക്കുന്നത് അബ്ദുള്ള മാത്രമാണ്. വാപ്പയും ഉമ്മയും രണ്ടു സഹോദരിമാരും കൂടി ഉണ്ടായിരുന്ന കുടുംബത്തിന്റെ വലിയ ഒരു നഷ്‌ടത്തിന്റെ കണക്കു ചോദിച്ച് ‘തീർപ്പ്’ കൽപ്പിക്കാനുള്ള അബ്ദുവിന്റെ ശ്രമമാണ് സിനിമ.
കഥ നടക്കുന്ന റിസോർട്ടിനായി സ്ഥലമെടുക്കുമ്പോൾ പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ബഷീറിന്റെ വീടിനു മേലുള്ള മകുടം വീണുടയുന്നതും, ലക്ഷ്മൺ സേന എന്ന പേരിൽ പരാമർശിക്കപ്പെടുന്ന പാർട്ടിയുടെ സിംഹ തലയുള്ള മുദ്രയും കൊടിയുടെ രൂപവും വാളേന്തിയ അനുയായികളും, മുസ്സോളിനിയുടെയും ഹിറ്റ്ലറുടേയും വസ്ത്രം ധരിച്ചവർ ചെയ്യുന്ന പ്രവർത്തിയും സിംബലിസത്തിലൂടെ പലതും പറഞ്ഞു വയ്ക്കുന്നു.
ഇന്ദ്രജിത്തിന്റെ കല്യാൺ മേനോൻ എന്ന ഡി.ഐ.ജി. കഥാപത്രവും സിനിമയിലെ ഏറെ പ്രധാനമായ പങ്കു വെയ്ക്കുന്നു. സിദ്ധിഖ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധർ എന്നിവരും മികവുറ്റ അഭിനയം കാഴ്ചവയ്ക്കുന്നു. ഏകദേശം ഒന്നര വർഷത്തോളം എടുത്താണ് ചിത്രം പൂർത്തിയാക്കിയത്.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്. മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. ചിത്രത്തിന്റെ സംഗീത സംവിധാനവും ഗാനരചനയും നിർവ്വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. മുരളി ഗോപി ആദ്യമായി സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഗോപി സുന്ദറിൻ്റേതാണ് പശ്ചാത്തല സംഗീതം.
summary: Theerpu Movie and Vatakara