കൂരാച്ചുണ്ടില്‍ എം.ഡി.എം.എയുമായി പിടിയിലായ പ്രതികള്‍ക്ക് ജംഷീദിന്റെ ദുരൂഹ മരണവുമായി ബന്ധമുണ്ടെന്ന ആരോപണം; പൊലീസ് അന്വേഷണം ആരംഭിച്ചു


കൂരാച്ചുണ്ട്: എം.ഡി.എം.എയുമായി കൂരാച്ചുണ്ടില്‍ പിടിയിലായ പ്രതികള്‍ക്ക് കര്‍ണാടകയിലെ മാണ്ഡ്യയില്‍വെച്ചുള്ള കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ ദുരൂഹമരണവുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം. അറസ്റ്റിലായ കൂരാച്ചുണ്ട് സ്വദേശി പഴേരി റിയാസ് ഹസനൊപ്പമായിരുന്നു ജംഷിദ് കര്‍ണാടകയില്‍ ഉണ്ടായിരുന്നതെന്ന് സംശയിക്കുന്നതായി ജംഷിദിന്റെ പിതാവ് മുഹമ്മദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ജംഷാദിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതികളോട് അന്വേഷിക്കുന്നുണ്ടെന്ന് കൂരാച്ചുണ്ട് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

‘മകന്റെ മരണത്തെക്കുറിച്ചുള്ള കാര്യം റിയാസിന് അറിയാമെന്ന് എനിക്ക് നല്ല സംശയമുണ്ട്. കൂരാച്ചുണ്ട് സ്വദേശിയായ മറ്റൊരു യുവാവാണ് മകനെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയത്. എന്നാല്‍ ഈ യുവാവ് കര്‍ണാടകയിലേക്ക് പോയിട്ടില്ല. പഴേരി റിയാസ് അടക്കം മൂന്നുപേര്‍ക്കൊപ്പമാണ് മകന്‍ കര്‍ണാടകയിലേക്ക് പോയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇവരുടെ ഡ്രൈവറായാണ് ജംഷിദ് പോയതെന്നാണ് അറിഞ്ഞത്. അവന് യഥാര്‍ത്ഥത്തില്‍ എന്ത് സംഭവിച്ചുവെന്ന് റിയാസിനെ ചോദ്യം ചെയ്താല്‍ അറിയാന്‍ കഴിയും’ എന്നും മുഹമ്മദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. മയക്കുമരുന്ന് മാഫിയയുടെ ഇടപാടുകള്‍ക്ക് കൂട്ടുനില്‍ക്കാത്തതിനാലാകാം മകനെ കൊലപ്പെടുത്തിയതെന്നാണ്് മുഹമ്മദ് പറയുന്നത്.

കര്‍ണാടക പൊലീസ് പരിധിയിലാണ് ജംഷിദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നതിനാല്‍ കേസ് അന്വേഷിക്കുന്നത് കര്‍ണാടക പൊലീസാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടാന്‍ ആവില്ലെന്നാണ് കൂരാച്ചുണ്ട് പൊലീസ് പറയുന്നതെന്നാണ് ജംഷിദിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്ന ആവശ്യവുമായി പ്രദേശത്ത് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി പ്രതിനിധി ജലീല്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും ബന്ധുക്കള്‍ സമീപിച്ചിരുന്നു. അടുത്തദിവസം തന്നെ ഐ.ജിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും ആക്ഷന്‍ കമ്മിറ്റി അറിയിച്ചു.

ഇന്നലെയാണ് കൂരാച്ചുണ്ട് സ്വദേശിയുള്‍പ്പെടെ മൂന്നുപേരെ എം.ഡി.എം.എയുമായി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഴേരി ഹസ്സന്‍ മകന്‍ റിയാസ് ഹസ്സന്‍, കാവുന്തറ സ്വദേശി മുഹമ്മദ് റിയാസ്, നടുവണ്ണൂര്‍ സ്വദേശി ജിതിന്‍ എന്നിവരെയാണ് കൂരാച്ചുണ്ട് എസ്.എച്ച്.ഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. റിയാസ് ഹസ്സന്‍ അഞ്ച് മാസം മുമ്പ് ബാലുശ്ശേരി പോലീസ് നടുവണ്ണൂരില്‍ നിന്നും എം.ഡി.എം കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായിരുന്നു.

മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കിലാണ് ജംഷിദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവാസിയായ ജംഷിദ് മെയ് ഏഴിനാണ് കൂരാച്ചുണ്ട് സ്വദേശികളായ രണ്ടുപേര്‍ക്കൊപ്പം കര്‍ണാടകയില്‍ വിനോദയാത്രയ്ക്കു പോയത്. ഇതിനു പിന്നാലെ ജംഷിദിനെ കാണാനില്ലെന്ന് കൂടെയുണ്ടായിരുന്നുവര്‍ വീട്ടുകാരെ അറിയിച്ചു. സുഹൃത്താണ് അപകടവിവരം വീട്ടുകാരെ അറിയിച്ചത്. കാറില്‍ ഉറങ്ങി എഴുന്നേറ്റതിനുശേഷം ജംഷിദിനെ കാണാനില്ലെന്നായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയ മൊഴി.

പിന്നീടാണ് യുവാവിനെ മാണ്ഡ്യയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞ് മാണ്ഡ്യയിലെത്തിയ പിതാവ് മുഹമ്മദിനോട് ജംഷിദ് ട്രെയിന്‍ തട്ടി മരിച്ചെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്.