വിഷു പടിവാതിലില്‍, അവസാന നിമിഷത്തിലും നാടും നഗരവും തിരക്കില്‍, പൊന്‍കണിയൊരുക്കി മലയാളികള്‍ നാളെ വിഷു ആഘോഷിക്കും


കോഴിക്കോട്: ഐശ്വര്യത്തിന്റെയും സമ്പല്‍ സമ്യദ്ധിയുടെയും ഉത്സവമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി. ആഘോഷം കൊഴുപ്പിക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഓരോ മലയാളിയും. വിഷു എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് വിഷു കണിയും, വിഷുകൈനീട്ടവും,പടക്കങ്ങളും പുത്തന്‍ ഉടുപ്പുകളും എല്ലാമാണ്. കൊയിലാണ്ടിയും വിഷു ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

ഇതിനായി ഉളള ഓട്ടത്തിലാണ് എല്ലാവരും. പടക്കങ്ങള്‍ എല്ലാം നേരത്തെ വാങ്ങിക്കൂട്ടുന്നവരുമുണ്ട്. എന്നാല്‍ ഇന്നലെയും ഇന്നുമായി പടക്കകടകളിലും വസ്ത്രങ്ങള്‍ എടുക്കുവാനും കോഴിക്കോട് നഗരം ഓന്നാകെ തിരക്ക് കൂട്ടുകയാണ്. പച്ചക്കറി മാര്‍ക്കറ്റുകളിലും വലിയ തിരക്കുതന്നെയാണ്. സംസ്ഥാനമെന്നാകെ വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളുമ്പോഴും ഇക്കുറിയും വിഷു കെങ്കേമമായി ആഘോഷിക്കാനൊരുങ്ങുകയാണ് ഓരോ മലയാളിയും.

രാത്രിയും പകലും തുല്യമായ ദിവസം എന്നാണ് വിഷുവിന്റെ അര്‍ത്ഥം. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കപ്പെടുന്നത് എന്നാണ് ഐതിഹ്യം പറയുന്നത്. എന്നാല്‍ രാവണന്റെ മേല്‍ രാമന്‍ നേടിയ വിജയമാണ് വിഷുവെന്നും ഐതിഹ്യം പറയുന്നു.

തിരക്ക് കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തില്‍ കുടുംബ സമേതം എത്തിയാണ് പലരും സാധനങ്ങള്‍ വാങ്ങുന്നത്. കണിക്കൊന്നകളും പച്ചക്കറികള്‍ക്കുമെല്ലാം മാര്‍ക്കറ്റില്‍ പൊളളുന്നവിലയും ആണ്. എന്നാല്‍ ഇവയൊന്നും കണക്കിലെടുക്കാതെ ആഘോഷങ്ങള്‍ ഓരിക്കലും കുറയ്ക്കാത്തവരാണല്ലോ നമ്മള്‍ മലയാളികള്‍.

കണി ഒരുക്കുന്നതില്‍ പ്രധാനമായ കൃഷ്ണ വിഗ്രഹത്തിന് പൂജാ സ്റ്റോറുകളിലും കരകൗശല വിപണികളിലും ഏറെ തിരക്കാണ്. കണിക്കൊന്നപ്പൂക്കളില്ലാതെ വിഷുവിനെപ്പറ്റി ചിന്തിക്കാനേ പറ്റില്ലെന്നതാണു വാസ്തവം. അതിനാല്‍ തന്നെ കൊന്നപ്പൂക്കള്‍ക്കുവേണ്ടി പരക്കം പായുകയാണു നാട്ടുകാര്‍. കണിയൊരുക്കാന്‍ ഉപയോഗിക്കുന്ന വിഭവങ്ങളുടെ വിലയിലും കുറവില്ല.

മലയാളികള്‍ക്കൊപ്പം തന്നെ പരമ്പാരാഗതമായ രീതിയില്‍ വിഷു ആഘോഷിക്കാന്‍ പ്രവാസി മലയാളികളും ഒരുങ്ങികഴിഞ്ഞു. കണിവെള്ളരിയും കോടി മുണ്ടും തയ്യാറാക്കി അന്യനാട്ടിലിരുന്ന് അവരും നാളെ പൊന്‍കണി കണ്ടുണരും.