പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചു; അമ്മയും കാമുകനും അറസ്റ്റില്‍


കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നൊച്ചാട് പൊയിലില്‍ മീത്തല്‍ പി.എം.ധനീഷിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഒത്താശ ചെയ്ത കുറ്റത്തിന് പെണ്‍കുട്ടിയുടെ അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയും അമ്മയും അമ്മയുടെ കാമുകനായ ധനീഷിനൊപ്പമാണ് കഴിഞ്ഞിരുന്നത്. കൊയിലാണ്ടിയിലെ സ്വകാര്യ ലോഡ്ജില്‍ മൂന്ന് പേരും മുറിയെടുത്തപ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ മുറിയില്‍ ഇല്ലാതിരുന്ന സമയത്താണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്.

കുട്ടി പിന്നീട് അമ്മയോട് പീഡനവിവരം പറഞ്ഞെങ്കിലും അവര്‍ വിവരം മറച്ച് വച്ചു. പിന്നീട് പെണ്‍കുട്ടി അമ്മയുടെ അനിയത്തിയോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ശനിയാഴ്ച കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഒളിവില്‍ പോയ പ്രതിക്കായി ശക്തമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. ഒടുവില്‍ വ്യാഴാഴ്ച വൈകീട്ടോടെ പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയപ്പോഴാണ് ഇയാള്‍ എവിടെയുണ്ടെന്ന സൂചന ലഭിച്ചത്. ഉടന്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് ഇയാളെ പിടികൂടിയത്.

സി.ഐ എം.വി.ബിജു, എസ്.ഐ.അനീഷ് വടക്കയില്‍, എ.എസ്.ഐ കെ.പി.ഗിരീഷ്, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മൗവ്യ, ഒ.കെ.സുരേഷ്, എസ്.സി.പി.ഒ മണികണ്ഠന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ട് പ്രതികളെയും ഉടന്‍ കോടതിയില്‍ ഹാജരാക്കും.


Also Read: പത്ത് വയസുള്ള രണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂർ സ്വദേശിക്ക് 40 വർഷം കഠിനതടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി


Content Highlights / English Summary: 27 year old man arrested by Koyilandy police for raping minor girl.