കൊല്ലം യു.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും എല്‍.ജെ.ഡി നേതാവുമായ ചോയ്യാട്ടില്‍ ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം ചോയ്യാട്ടില്‍ ഗോപാലന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കൊല്ലം യു.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനാണ്. കൊയിലാണ്ടി മേഖലയില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു ഗോപാലന്‍ മാസ്റ്റര്‍.
കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെതായി രണ്ട് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. സ്‌നേഹജ്യോതിസ്സുകള്‍, ആത്മരോദനം എന്നീ നാടകങ്ങളാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. ആത്മരോദനം എന്ന നാടകം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്.
പ്രശസ്ത സാഹിത്യകാരന്‍ യു.എ.ഖാദറിന്റെ സഹപാഠിയായിരുന്നു ഗോപാലന്‍ മാസ്റ്റര്‍. അദ്ദേഹത്തിനൊപ്പം കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം നാടകങ്ങള്‍ രചിച്ചത്. കേരള സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഭാരവാഹിയും കൊല്ലം ചൈതന്യ റസിഡന്‍സ് അസോസിയേഷന്‍ രക്ഷാധികാരിയുമായിരുന്നു.
അടുത്തിടെ അന്തരിച്ച കുനിയില്‍ താഴെ ലീലയാണ് ഭാര്യ.
മക്കള്‍: സുലേഖ, സുനില്‍കുമാര്‍ (സുധാകരന്‍, മുന്‍ കേരള സ്‌റ്റേറ്റ് ഹൗസിങ് ബോര്‍ഡ്), സ്വപ്‌ന (മുന്‍ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍).
മരുമക്കള്‍: ഉദയഭാനു (മുന്‍ എ.എസ്.ഐ, പൊറ്റമ്മല്‍), പ്രകാശ് (മുന്‍ അസിസ്റ്റന്റ് മാനേജര്‍, കേരള സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക്, പൊറ്റമ്മല്‍), പ്രസീത.
സഹോദരി: പരേതയായ നാരായണി (ഊട്ടേരി).
സംസ്‌കാരം നാളെ (വെള്ളിയാഴ്ച) രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. എല്‍.ജെ.ഡിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം രണ്ട് വര്‍ഷമായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് പൊതുരംഗത്ത് ഉണ്ടായിരുന്നില്ല.