അപകടം വീട്ടുപറമ്പിലെ പന മുറിച്ചുമാറ്റുന്നതിനിടെ; കുറുവങ്ങാട് പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് വയോധികന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌


കൊയിലാണ്ടി: കുറുവങ്ങാട് പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് വയോധികന്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുറുവങ്ങാട് വട്ടാങ്കണ്ടി ബാലന്‍ നായര്‍ (75) ആണ് മരിച്ചത്. വീട്ടുപറമ്പിലെ പന തൊഴിലാളികള്‍ മുറിക്കുന്നതിനിടെ ഇന്ന് രാവിലെ 9 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്‌.

പന പൊട്ടി ബാലന്‍ നായരുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. അപകട സമയത്ത് പന നില്‍ക്കുന്നിടിത്ത് നിന്നും അല്‍പം ദൂരെ മാറിയാണ് ബാലന്‍ നായര്‍ നിന്നിരുന്നത്. ഇതിനിടെയാണ് നിനച്ചിരിക്കാതെ അപകടം തേടിയെത്തിയത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പന എടുത്തുമാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ നടത്തി. ഇതിനിടെ വിവരമറിഞ്ഞ് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്ത് എത്തിയിരുന്നു.

സ്റ്റേഷൻ ഓഫീസർ വി.കെ ബിജുവിന്റെ നേതൃത്വത്തില്‍ സിപിആര്‍ കൊടുക്കുകയും നേരിയ പൾസ് കണ്ടതിനെ തുടര്‍ന്ന് പെട്ടെന്ന് തന്നെ സേനയുടെ ആംബുലന്‍സില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരിക്കും.

ഭാര്യ: ഗിരിജ.

മക്കൾ: ലജീഷ്, വിനീത് (കെ.എസ്.എഫ്.ഇ) പരേതനായ വിവേക്.

മരുമകൾ: ശില്പ (ചീക്കിലോട്).

സഹോദരങ്ങൾ: ലക്ഷ്മി അമ്മ, മീനാക്ഷി, കമലാക്ഷി, ജനാർദ്ദനൻ.

Description: More details emerge in Kuruvangad death of elderly man after falling palm tree