കരാറുകാര്‍ക്ക് നല്‍കേണ്ട ബില്‍ത്തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി; കൊയിലാണ്ടി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍


കൊയിലാണ്ടി: കരാറുകാര്‍ക്ക് നല്‍കേണ്ട ബില്‍ത്തുക സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് അനധികൃതമായി വകമാറ്റിയെന്ന പരാതിയില്‍ കൊയിലാണ്ടി കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി. സീനിയര്‍ ക്ലര്‍ക്ക് നീതു ബാലകൃഷ്ണന്‍, ഹെഡ് ക്ലര്‍ക്ക് ഖദീജ എന്‍.കെ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ ചെയ്യുന്ന സനൂപ് സി.പി എന്ന കരാറുകാരന്‍ ഉള്‍പ്പെടെ ആറ് കരാറുകാര്‍ ഏറ്റെടുത്ത വിവിധ പ്രവൃത്തികളുടെ ബില്‍ത്തുക അതാത് കരാറുകാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിന് പകരം നീതു ബാലകൃഷ്ണന്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയെന്നാണ് റിപ്പോര്‍ട്ട്‌.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നീതു ബാലകൃഷ്ണന്‍ ഗുരുതരമായ ക്രമക്കേട് മനപ്പൂര്‍വ്വം നടത്തിയതായി
തെളിഞ്ഞത്. കരാറുകാരുടെ ബില്ലില്‍ ലിസ്റ്റ് ഓഫ് ബെനിഫിഷ്യറീസ് എന്ന ഭാഗത്ത് കരാറുകാരന്റെ പേര് ചേര്‍ത്ത ശേഷം കരാറുകാരന്റെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തുന്നതിന് പകരം നീതു ബാലകൃഷ്ണന്‍ സ്വന്തം ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

നീതു ബാലകൃഷ്ണന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രവൃത്തി സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധവും അതീവ ഗുരുതരമായ ക്രമക്കേടും ഗുരുതരമായ അച്ചടക്ക ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കരാറുകാരുടെ ബില്ലുകള്‍ ഉചിതമായ രീതിയില്‍ പരിശോധിച്ച് ഓഫീസ് മേലധികാരിക്ക് സമര്‍പ്പിക്കുന്നതില്‍ മേല്‍നോട്ട പിഴവ് ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഓഫീസിലെ ഹെഡ് ക്ലര്‍ക്കായ ഖദീജ എന്‍.കെയ്ക്ക് എതിരെ നടപടിയെടുത്തത്.