വീട്ടുമുറ്റത്തേക്ക് കയറ്റുന്നതിനിടെ ബൈക്ക് ചരിഞ്ഞു, ചെയിനിനുള്ളില്‍ കാല് കുടുങ്ങി; അയനിക്കാട് സ്വദേശിയായ യുവാവിന് രക്ഷകരായി വടകര ഫയര്‍ ഫോഴ്‌സ്, ചെയിന്‍ മുറിച്ച് നീക്കി
പയ്യോളി: ബൈക്കിന്റെ ചെയിനിനുള്ളില്‍ കാല് കുടുങ്ങിയ യുവാവിന് രക്ഷകരായി വടകര ഫയര്‍ ഫോഴ്‌സ്. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം നാലാം കണ്ടത്തില്‍ ഇരുപത്തിയഞ്ചുകാരനായ എന്‍.കെ.വിഷ്ണുലാലിന്റെ കാലാണ് ചെയിനില്‍ കുടുങ്ങിയത്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറ്റുകയായിരുന്നു വിഷ്ണുലാല്‍. ഇതിനിടെ ബൈക്ക് ചരിയുകയായിരുന്നു. വീഴാതിരിക്കാനുള്ള ശ്രമത്തിനിടെയാണ് വിഷ്ണുലാലിന്റെ കാല്‍ ബൈക്കിന്റെ ചെയിനില്‍ കുടുങ്ങിയത്.
ചെയിനില്‍ നിന്ന് കാല്‍ ഊരിയെടുക്കാന്‍ കഴിയാതായതോടെ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ വടകരയില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സ് സംഘം ചെയിന്‍ മുറിച്ച് നീക്കി വിഷ്ണുവിന്റെ കാല്‍ ചെയിനില്‍ നിന്ന് മോചിപ്പിച്ചു.
വിഷ്ണുലാലിന്റെ കാല്‍പ്പാദത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ചെയിന്‍ മുറിച്ച് നീക്കിയ ഉടന്‍ വിഷ്ണുലാലിനെ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വടകര ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ കെ.അരുണ്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.സതീശന്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ.എസ്.സുജാതന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.