റെയില്‍വേ സ്‌റ്റേഷനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റി, ശേഷം മോഷ്ടാവും ഉറങ്ങി; ഒടുവില്‍ കോഴിക്കോട് സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. ചേവായൂര്‍ കൊടുവാട്ടുപറമ്പില്‍ പ്രജീഷ് (43) ആണ് പിടിയിലായത്. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഗോവ സ്വദേശി ഒാം പ്രകാശ് പ്രഭാതിന്റെ ഒന്നേകാല്‍ ലക്ഷം രൂപ വിലവരുന്ന മൊബൈല്‍ ഫോണാണ് പ്രജീഷ് അടിച്ചുമാറ്റിയത്. കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പോകാനായി മറ്റൊരു തീവണ്ടിയില്‍ പുലര്‍ച്ചെ എത്തിയതായിരുന്നു അദ്ദേഹം.
ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ കാത്തിരിപ്പ് ബെഞ്ചില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന ഓംപ്രകാശിന്റെ പോക്കറ്റില്‍ നിന്ന് പ്രജീഷ് മൊബൈല്‍ഫോണ്‍ കവരുകയായിരുന്നു. അടിച്ചെടുത്ത മൊബൈല്‍ഫോണ്‍ ബാഗില്‍ സൂക്ഷിച്ച ശേഷം ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ കാത്തിരിപ്പു ബെഞ്ചില്‍ ഇരുന്ന് പ്രജീഷും ഉറങ്ങി.
മൊബൈല്‍ നഷ്ടപ്പെട്ട വിവരം ഇതിനകം ഓംപ്രകാശ് പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ പൊലീസ് പ്ലാറ്റ്‌ഫോമുകളില്‍ പരിശോധന ആരംഭിച്ചു. ഇതിനിടെയാണ് ഏഴാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന പ്രജീഷിന്റെ ബാഗും പരിശോധിച്ചത്. ബാഗില്‍ നിന്ന് ഫോണ്‍ ലഭിച്ചതോടെയാണ് പ്രജീഷിന് പിടി വീണത്.
പ്രജീഷിന്റെ ഭാര്യവീട് പട്ടാമ്പി കൊപ്പത്താണെന്നും അവിടേക്കുള്ള യാത്രക്കിടെ ഷൊര്‍ണൂരില്‍ ഇറങ്ങിയാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതെന്നും എസ്.ഐ. അനില്‍ മാത്യു പറഞ്ഞു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് പ്രജീഷിനെ അറസ്റ്റുചെയ്തത്. പ്രജീഷിനെ കോടതി റിമാന്‍ഡുചെയ്തു.