ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ കൊയിലാണ്ടിക്കാരന്‍ രോഹന്‍; പുറത്തായത് 93 റണ്‍സെടുത്ത് നില്‍ക്കെ, നാലാം ദിവസത്തെ കളി അവസാനിച്ചു
കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ സൗത്ത് സോണ്‍ താരവും കൊയിലാണ്ടി സ്വദേശിയുമായ രോഹന്‍ എസ് കുന്നുമ്മല്‍. സൗത്ത് സോണിന്റെ രണ്ടാം ഇന്നിങ്‌സിന് മികച്ച തുടക്കം നല്‍കിയ രോഹന്‍ 93 റണ്‍സിലെത്തി നില്‍ക്കെയാണ് പുറത്തായത്. നാലാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ സൗത്ത് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്.
സെഞ്ച്വറി ഇല്ലെങ്കിലും വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് രോഹന്‍ കാഴ്ച വച്ചത്. നൂറു പന്തുകളില്‍ നിന്നായി 14 ഫോറുകളും ഒരു സിക്‌സും അടിച്ചാണ് കൊയിലാണ്ടിയുടെ താരം 93 റണ്‍സ് തികച്ചത്. ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറിയുടെ വക്കിലെത്തിയപ്പോള്‍ സമ്മര്‍ദ്ദത്തിലായ രോഹന്‍ വെസ്റ്റ് സോണിന്റെ ഷംസ് മുലാനിയുടെ ബോളിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.
ഫൈനലിന്റെ ഒന്നാം ഇന്നിങ്‌സില്‍ രോഹന്റെ ബാറ്റിങ് പ്രകടനം അല്‍പ്പം മങ്ങിപ്പോയിരുന്നു. 31 ഒന്ന് റണ്‍സെടുത്താണ് ഒന്നാം ഇന്നിങ്‌സില്‍ രോഹന്‍ പുറത്തായത്. അതേസമയം കഴിഞ്ഞയാഴ്ച നടന്ന സെമി ഫൈനലില്‍ 143 റണ്‍സ് നേടിയ വെടിക്കെട്ട് പ്രകടനമാണ് രോഹന്‍ നടത്തിയത്. ദുലീപ് ട്രോഫിയില്‍ സെഞ്ച്വറി തികയ്ക്കുന്ന ആദ്യ കേരള താരമായി രോഹന്‍.
ദുലീപ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് സോണ്‍ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ആദ്യ ഇന്നിങ്‌സില്‍ 270 റണ്‍സിന് വെസ്റ്റ് സോണ്‍ ഓള്‍ ഔട്ടായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ സൗത്ത് സോണിന്റെ സായി കിഷോറാണ് വെസ്റ്റ് സോണിനെ തളച്ചത്.
രോഹന് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും സൗത്ത് സോണ്‍ ടീം ഒന്നാം ഇന്നിങ്‌സില്‍ 327 റണ്‍സാണ് അടിച്ചെടുത്തത്. 118 റണ്‍സെടുത്ത ഇന്ദ്രജിത്താണ് സൗത്ത് സോണിന്റെ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങില്‍ നെടുംതൂണായത്.
ഒന്നാം ഇന്നിങ്‌സില്‍ നിന്ന് വ്യത്യസ്തമായി മികച്ച തിരിച്ചുവരവാണ് വെസ്റ്റ് സോണ്‍ രണ്ടാം ഇന്നിങ്‌സില്‍ നടത്തിയത്. ജയ്‌സ്വാളിന്റെ 265 റണ്‍സ് പ്രകടനമാണ് ടീമിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 127 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനും വെസ്റ്റ് സോണിനെ മികച്ച സ്‌കോര്‍ നേടാന്‍ തുണച്ചു.
നാലാം ദിവസമായ ഇന്നാണ് സൗത്ത് സോണ്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയത്. 529 റണ്‍സ് വിജയലക്ഷ്യവുമായാണ് സൗത്ത് സോണ്‍ ബാറ്റിങ് ആരംഭിച്ചത്. സൗത്ത് സോണിന്റെ ബാറ്റിങ് നിരയില്‍ ഇന്ന് രോഹന്‍ കുന്നുമ്മല്‍ മാത്രമാണ് തിളങ്ങിയത്.