”അനൂപിന്റെ കാര്യം എന്താവുമെന്ന് ദൈവത്തിനറിയാം, അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതാണ്” ഓണം ബംമ്പര്‍ വിജയിയെക്കുറിച്ച് ആശങ്ക പങ്കുവെച്ച് മൂന്നുതവണ ലോട്ടറി അടിച്ച തകഴി സ്വദേശി


ലോട്ടറി അടിച്ചവരെ നമ്മള്‍ ഭാഗ്യശാലിയെന്ന് വിശേഷിപ്പിക്കും. എന്നാല്‍ ആരും കൊതിക്കുന്ന ഭാഗ്യമുണ്ടാവുമ്പോള്‍ അതുവരെയുണ്ടായിരുന്ന മനസമാധാനം പോകുമെന്നാണ് മൂന്നുവതണ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ച തകഴി സ്വദേശി മനോഹരന്‍ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നത്.

ഓണം ബംമ്പര്‍ ഒന്നാം സമ്മാനം ലഭിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപ് തന്റെ നിലവിലെ ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞത് ഏറെ ചര്‍ച്ചയായ സാഹചര്യത്തിലാണ് മനോഹരന്റെ വെളിപ്പെടുത്തല്‍. ലോട്ടറി അടിച്ചപ്പോള്‍ സന്തോഷിച്ച അനൂപ് ഇപ്പോള്‍ ധര്‍മ്മസങ്കടത്തിലാണ്. വീട്ടില്‍ നിരന്തരം ആളുകള്‍ സഹായം തേടിയെത്തി ഉപദ്രവിക്കുകയാണെന്നാണ് അനൂപ് കഴിഞ്ഞദിവസം പറഞ്ഞത്. സ്വന്തം കുഞ്ഞിനെ പോലും കാണാന്‍ ആശുപത്രിയില്‍ പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘അനൂപിന്റെ കാര്യമൊക്കെ എന്താവുമെന്ന് ദൈവത്തിനറിയാം. ആള്‍ക്കാര് സഹായം ചോദിച്ച് വന്നോണ്ടിരിക്കുമ്പോള്‍ നമ്മുടെ കണ്‍ട്രോള്‍ പോകും. ആകപ്പാടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാകും. നൂറായിരം ആളുകള്‍ ഓരോ ആവശ്യം പറഞ്ഞ് ഇപ്പോള്‍ അനൂപിനെ സന്ദര്‍ശിക്കുന്നുണ്ടാകും’, എന്നാണ് മനോഹരന്‍ പറയുന്നത്. ഒരു ഓണ്‍ലൈ മാധ്യമത്തോട് ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

മനോഹരന്റെ വാക്കുകള്‍ ഇങ്ങനെ

‘ലോട്ടറി അടിച്ച പണം കൊണ്ട് സ്ഥലം വാങ്ങി, കുട്ടികളെ വിവാഹം കഴിച്ച് അയപ്പിച്ചു. ഒന്നാം സമ്മാനം അടിച്ചപ്പോള്‍ പൈസ കടം ചോദിച്ചും ഓരോ ആവശ്യം പറഞ്ഞും ആളുകള്‍ വരും. ശരിക്കും വട്ടായി പോകുന്ന അവസ്ഥയിലാകും. സഹായം ചോദിച്ച് വരുന്നവരെ ഓരോന്ന് പറഞ്ഞ് വിടും. ദൂരെ നിന്നുള്ളവരാണ് വരുന്നത്.

ടൈം പാസ് എന്ന നിലയ്ക്കാണ് ഇപ്പോള്‍ ലോട്ടറി എടുക്കുന്നത്. മൂന്ന് പ്രാവശ്യം അടിച്ചിട്ട് വീണ്ടും കിട്ടണമെന്ന് പറയുന്നത് ശരിയല്ലല്ലോ. പൈസ ഡെപ്പോസിറ്റ് ചെയ്യുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ ബന്ധുക്കളും പലരും വന്ന് സഹായം ചോദിക്കും. അത് ശത്രുക്കളെ ഉണ്ടാക്കാന്‍ വരെ കാരണമാകും. മനസമാധാനം പോകും. നമ്മള്‍ പൈസ കൊടുത്താല്‍ തന്നെ ലോട്ടറി അടിച്ച കാശല്ലേ അതുകൊണ്ട് തിരിച്ച് തരില്ല.

ആദ്യ തവണ രണ്ട് മാസവും രണ്ടാം തവണ 30 ദിവസവും കഴിഞ്ഞപ്പോള്‍ പണം ലഭിച്ചു. ഭാര്യയ്ക്ക് ഞാന്‍ ടിക്കറ്റ് എടുക്കുന്നത് ഇഷ്ടമല്ല. അവള്‍ അറിയാതെയാണ് ടിക്കറ്റ് എടുക്കുന്നത്. നാട്ടുകാരോ സുഹൃത്തുക്കളോ ഒന്നും പൈസ ആവശ്യപ്പെട്ട് വന്നിട്ടില്ല. സ്ഥിരമായി ആരെയെങ്കിലും കൈയ്യില്‍ നിന്നോ അല്ല കാണുന്ന നമ്പറോ ഒറ്റയടിക്ക് ചുമ്മാതങ്ങ് എടുക്കുകയല്ല. നമ്മുടെ ഒരു കണക്ക് കൂട്ടല്‍ വെച്ചാണ് ലോട്ടറി എടുക്കുന്നത്. പൈസ ഉള്ളത് അനുസരിച്ചാണ് എടുക്കാറുള്ളത്. കുറെ ടിക്കറ്റ് എടുത്തിട്ടുണ്ട്. സാധാരണക്കാരൊക്കെ ഒന്നോ രണ്ടോ ടിക്കറ്റേ എടുക്കൂ.

എന്നെ സംബന്ധിച്ച് ടിക്കറ്റ് അടിച്ചത് കൊണ്ട് വലിയ പ്രശ്‌നമില്ല. പണ്ടത്തെ പോലെയല്ല, ഇപ്പോള്‍ ഒരു 100 രൂപ അടിക്കണമെങ്കില്‍ മഹാഭാഗ്യമാണ്. പെന്‍ഷന്‍ ഉള്ളത് കൊണ്ട് ജീവിച്ച് പോകുന്നു.