ഐ.പി.എല്ലിൽ രോഹന്റെ വെടിക്കെട്ടിനായി കാത്തിരിപ്പ്; രാജസ്ഥാൻ റോയൽസ് ഉൾപ്പടെ മൂന്ന് ടീമുകൾ രോഹൻ കുന്നുമ്മലിനായി രംഗത്ത്, പ്രതീക്ഷയോടെ കൊയിലാണ്ടിയും


വേദ കാത്റിൻ ജോർജ്

കൊയിലാണ്ടി: ക്രിക്കറ്റിന്റെ മാന്ത്രിക ലോകത്തേക്ക് ഒരു മലയാളി കൂടിയെന്ന പ്രതീക്ഷകൾക്ക് ചിറകു വെയ്ക്കുമെന്നാണ് രോഹന്റെ പന്തുകൾ ആഞ്ഞു വീശുമ്പോൾ ഒരു നാട് മുഴുവൻ കാത്തിരിക്കുന്നത്. ഇപ്പോൾ സഞ്ജു സാംസണ് ശേഷം കേരളം ഉറ്റ നോക്കുന്ന ക്രിക്കറ്ററിലേക്ക് കണ്ണും നട്ട് ഇന്ത്യയും. കൊയിലാണ്ടിയുടെ സ്വന്തം രോഹൻ കുന്നുമേലിലേക്ക് ഐ.പി.എൽ പ്രതീക്ഷകളർപ്പിച്ച് പ്രശസ്ത ക്രിക്കറ്റ് നിരീക്ഷകരും ട്വീറ്റ് ചെയ്തു.

തുടർച്ചയായി മത്സരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വെച്ച രോഹനെ ഐ.പി.എൽ ടീമുകൾ കൊത്തിയെടുക്കുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ഐപിഎല്‍ ഫ്രാഞ്ചൈസികളുടേയും ഇന്ത്യന്‍ സെലക്റ്റര്‍മാരുടേയും ശ്രദ്ധ പിടിച്ചുപറ്റുകയാണ് താരം.

രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്റ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നി ടീമുകളാണ് രോഹൻ നോട്ടമിട്ടിരിക്കുന്നത്. ഐ.പി.എല്‍ മിനി താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തതായി രോഹന്റെ പിതാവ് സുശീൽ കുന്നുമ്മേൽ കൊയിലാണ്ടി ന്യൂസിനോട് വ്യക്തമാക്കി. ‘രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്റ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുടെ ട്രെയല്‍സില്‍ ആണ്പങ്കെടുത്തത്. ഡല്‍ഹിയുടെയും രാജസ്ഥാന്റെയും ട്രയൽസിൽ വളരെ മികച്ച പ്രകടനം തന്നെ കാഴ്ച വെക്കാനും സാധിച്ചിട്ടുണ്ട്’ അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ വിജയ് ഹസാരെ ടൂർണമെന്റിൽ മത്സരിക്കുകയാണ് രോഹൻ.

ഈ പ്രാവശ്യത്തെ മത്സരങ്ങളിലേക്ക് നിലനിര്‍ത്തിയ താരങ്ങളുടെ പേരുകള്‍ വന്നപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ചു സാംസണെ മാത്രമാണ് കേരളത്തില്‍ നിന്നുള്ള താരങ്ങളില്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ ഐ.പി.എല്‍ ടീമിന്‍റെ ഭാഗമായിരുന്ന വിഷ്ണു വിനോദിനെയും ബേസില്‍ തമ്പിയേയും ആസിഫിനെയം ടീമുകള്‍ ഒഴിവാക്കുകയുണ്ടായി.

സ്ഥിരതയാർന്ന പ്രകടനമാണ് രോഹന്റെ ഹൈലൈറ്റ്. ഇപ്പോൾ നടക്കുന്ന വിജയ് ഹസാരെയിലും തരാം തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. പറത്തിയുള്ള അടി, സിക്സറടി, നാലു റൺസിനായുള്ള അടി, വിജയത്തിനായുള്ള അടി, പിന്നെ തോൽപ്പിക്കണമെന്ന വാശിയോടെ എതിരെ വരുന്ന പന്തിനെ പറപ്പിക്കുന്ന അടി. അങ്ങനെ രോഹൻ കുന്നുമ്മലിന്റെ ബാറ്റിംഗ് മായാജാലമാണ് മത്സരത്തിൽ ആരാധകർക്കായി ഒരുങ്ങിയത്.

ഇന്നലെ നടന്ന വിജയ് ഹസാരെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിലും ഉജ്വല സെഞ്ചറിയുമായി രോഹൻ എസ്.കുന്നുമ്മൽ (75 പന്തിൽ പുറത്താകാതെ 107) വീണ്ടും കരുത്തുകാട്ടിയപ്പോൾ കേരളം വിജയവഴിയിൽ‌ തിരിച്ചെത്തി. ഇതിനു മുൻപ് നടന്ന മത്സരത്തിലും രോഹന്റെ സെഞ്ചുറി കരുത്തില്‍ കേരളം ഗോവയ്‌ക്കെതിരെ കഴിഞ്ഞ ദിവസം അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. വിജയ് ഹസാരെയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് രോഹന്‍ 50ല്‍ കൂടുതല്‍ റണ്‍സ് കണ്ടെത്തുന്നത്. നേരത്തെ, അരുണാചലിനെതിരെ കേവലം 28 പന്തില്‍ 77 റണ്‍സ് അടിച്ചെടുക്കാന്‍ രോഹനായിരുന്നു. 13 ബൗണ്ടറികളും മൂന്നു സിക്സറുകളും ഇതിലുള്‍പ്പെടും.

ദുലീപ് ട്രോഫിയിലും രോഹൻ തകർത്തു. സൗത്ത് സോണിനായി കളിച്ച രോഹന്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനായിരുന്നു. നാല് ഇന്നിംഗ്‌സുകളില്‍ 344 റണ്‍സാണ് കൊയിലാണ്ടിക്കാരൻ സ്വന്തമാക്കിയത്. അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. നോര്‍ത്ത് സോണിനെതിരെ നേടിയ 143 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. തന്റെ സ്ഥിരതയാര്‍ന്ന പ്രയാണമാണ് രോഹനിൽ കൂടുതൽ പ്രതീക്ഷകൾ ജനിപ്പിക്കുന്നത് അതിനാൽ തന്നെയാണ് ഇത്തവണ ഐപിഎല്‍ കളിക്കാന്‍ രോഹനുണ്ടാവുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ കണക്കു കൂട്ടുന്നതും. ഡിസംബര്‍ 23ന് കൊച്ചിയിലാണ് ഐപിഎല്‍ താരലേലം.

മത്സരവും യാത്രയും വലുതാകുന്നുണ്ടെങ്കിലും തന്റെ കഠിന പ്രയത്നങ്ങൾക്ക് ഒട്ടും കുറവ് വരുത്തുന്നില്ല രോഹൻ. അച്ഛൻ സുശീല്‍ സ്വയം ‘ബൗളിങ് മെഷീനാ’യി മാറി വീടിന്റെ വരാന്തയിൽ നിന്ന് തുടങ്ങിയ പരിശീലനമാണ് ഇന്ന് നാടിനെ പ്രതിനിധികരിച്ച് കളിക്കുന്നിടത്തോളം രോഹൻ വളർത്തിയത്. കളികൾ അങ്കത്തട്ടിൽ ഒരുങ്ങുമ്പോഴും ക്രിക്കറ്റ് പ്രേമികൾക്ക് റൺ മഴ ഒരുക്കാനായി പരിശീലനത്തിലാണ് താരം.

Summary: Koyilandy  native cricket player Rohan S Kunnumal may paly next ipl, Three teams including the Rajasthan Royals are in the running for Rohan Kunnummal