ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടോ? വിഷമിക്കേണ്ട, പൊലീസ് സഹായത്തിനുണ്ട്; പരാതി നല്‍കാനായി പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പര്‍ സജ്ജം


കോഴിക്കോട്: ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ട് നിരവധി പേരാണ് കേരളത്തില്‍ ആത്മഹത്യ ചെയ്തത്. അടുത്തിടെ ഒരു കുടുംബത്തിലെ രണ്ട് കുട്ടികളടക്കം നാല് പേരും, വയനാട്ടില്‍ അജയരാജ് എന്നയാള്‍ ആത്മഹത്യ ചെയ്തതുമെല്ലാം ലോണ്‍ ആപ്പുകളുടെ കെണിയില്‍ പെട്ടായിരുന്നു. ലോണ്‍ ആപ്പിന്റെ കെണിയില്‍ പെട്ട ചേലിയ സ്വദേശിനി വിജിഷ ഇന്നും കൊയിലാണ്ടിക്കാരുടെ ഓര്‍മ്മയിലുണ്ട്.

ഇത്തരം സംഭവങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യവുമായി പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ് കേരള പൊലീസ്. അംഗീകാരമില്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ്പ എടുത്ത് തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്ട്‌സ്ആപ്പ് നമ്പര്‍ സജ്ജമാക്കിയിരിക്കുകയാണ് പൊലീസ്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനം കേന്ദ്രീകരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക.

9497980900 എന്ന നമ്പറിലേക്കാണ് തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ വാട്ട്‌സ്ആപ്പ് ചെയ്യേണ്ടത്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. ഈ നമ്പറില്‍ നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും.

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പിന് എതിരെയുള്ള പോലീസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവിമാരും പ്രചാരണം നടത്തും.


Related News: ചേലിയയില്‍ ആത്മഹത്യ ചെയ്ത വിജിഷയുടെ അനുഭവം പാഠമാകണം; ഓണ്‍ലൈന്‍ വായ്പ്പ ആപ്പുകളുടെ തട്ടിപ്പ് രീതിയും കെണിയില്‍ പെടാതിരിക്കാനുള്ള മാര്‍ഗങ്ങളും വിശദമായി അറിയാം


Also Read: ചേലിയ സ്വദേശിനി വിജിഷയുടെ ദുരൂഹ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി