നിപ നിയന്ത്രണങ്ങളില്‍ ഇളവ്; വടകര താലൂക്കിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി


വടകര: കോഴിക്കോട് ജില്ലയില്‍ നിപ ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ വടകര താലൂക്കിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുന്നതായി ജില്ലാ കലക്ടര്‍ എ.ഗീത ഉത്തരവിറക്കി. വടകര താലൂക്കിലെ ഒന്‍പത് ഗ്രാമപഞ്ചായത്തികളിലെ വാര്‍ഡുകളെയാണ് കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്.

നിപ ബാധിച്ച് മരണപ്പെട്ടവരുമായും പോസിറ്റീവ് ആയവരുമായും സമ്പര്‍ക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തുകയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വടകര താലൂക്കിലെ കണ്ടെയിന്‍മെന്റ് സോണുകള്‍ ഒഴിവാക്കിയത്. ഇവിടെ പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനില്‍ തുടരണം. നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് പൊതുവായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. എല്ലാവരും മാസ്‌കും സാനിറ്റെസറും നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

അതേസമയം കണ്ടെയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും കോഴിക്കോട് കോര്‍പ്പറേഷനിലെ 43,44,45,46,47,48,51 എന്നീ വാര്‍ഡുകളിലും അധികൃതര്‍ ഇളവുകള്‍ അനുവദിച്ചു. ഇവിടങ്ങളില്‍ രാത്രി എട്ട് മണി വരെ എല്ലാ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാം.

മറ്റ് നിയന്ത്രണങ്ങള്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും. അതേസമയം സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളും നിരീക്ഷണത്തിലുള്ള ആളുകളും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനില്‍ കഴിയുകയും വേണമെന്നും അറിയിച്ചു.