മാഹിയില്‍ ഓട്ടോറിക്ഷയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; നിലവിളിച്ചതോടെ യുവതിയെ റോഡില്‍ തള്ളിയിട്ടു, ഡ്രൈവറും സുഹൃത്തും അറസ്റ്റിൽ


മാഹി: ഓട്ടോറിക്ഷയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറടക്കം രണ്ട് പേര്‍ മാഹിയില്‍ പിടിയില്‍. ഓട്ടോ ഡ്രൈവര്‍ തലശ്ശേരി വയലളം നങ്ങാറത്ത് പീടികയിലെ പി.കെ പ്രദീപന്‍(60), ചെമ്പിലോട് സ്വദേശി മൗവ്വഞ്ചേരിയിലെ വിനോദന്‍(55) എന്നിവരെയാണ് ന്യൂമാഹി എസ്.ഐ അനീഷ് അറസ്റ്റ് ചെയ്തത്.

ന്യൂമാഹി മാടപ്പീടികയ്ക്കടുത്ത് പാറലില്‍ മെയ് 13ന് രാത്രി 8മണിയോടെയാണ് സംഭവം. യുവതി ടൗണിലേക്ക് മരുന്ന് വാങ്ങാനായി പ്രദീപന്റെ ഓട്ടോയില്‍ പോകുകയായിരുന്നു. ഇതിനിടെ വണ്ടി പാറാലില്‍ എത്തിയപ്പോള്‍ ഡ്രൈവറോടപ്പമുണ്ടായിരുന്ന വിനോദന്‍ യുവതിയെ ദേഹത്ത് കയറിപ്പിടിച്ചുവെന്നാണ് വിവരം. എന്നാല്‍ നിലവിളിച്ചതോടെ യുവതിയെ ഇരുവരും ചേര്‍ന്ന് റോഡിലേക്ക് തള്ളിയിട്ട് കടന്നു കളയുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഓട്ടോറിക്ഷക്ക് പിന്നാലെ വന്ന കാര്‍ യാത്രക്കാര്‍ സംഭവം കണ്ട് ഓട്ടോ തടഞ്ഞ് നിര്‍ത്തി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇരുവരെയും തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.