താക്കീതുകൾ വകവെക്കാതെ സേവനത്തിലേർപ്പെട്ടു, ഒടുവിൽ വീര മൃത്യു; പുറക്കാടെ ധീര ജവാൻ കൈനോളി സുകുമാരനെ ആദരിച്ചു


പുറക്കാട്: ഇന്ത്യൻ പീസ് കീപ്പിംഗ് ഫോഴ്സ് ഇൻ്റലിജൻസ് കോറിൽ സേവനത്തിനിടെ വീര മൃത്യു വരിച്ച കൈനോളി സുകുമാരനെ ആദരിച്ചു. മിലറ്റിറി ഇൻ്റലിജൻസിനു വേണ്ടി ക്യാപ്റ്റൻ അംഗിത് ത്യാഗി ഗൗരവ് പത്രം കൈമാറി. സഹോദരങ്ങളായ ജാനകിയമ്മ ലക്ഷമിക്കുട്ടിയമ്മ, ദാമോദരൻ നായർ, അച്ചുതൻ നായർ, കാർത്യായനി അമ്മ, പത്മനാഭൻ നായർ എന്നിവർ ഏറ്റുവാങ്ങി.

1980 ലാണ് സുകുമാരൻ ഇന്ത്യൻ ആർമിയിലെ മദ്രാസ് റജിമെൻ്റൽ സെൻ്ററിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടത്. ട്രെയിനിങ്ങിനു ശേഷം
28-ാമത് ബറ്റാലിയനിൽ നിയമനം ലഭിച്ചു. മൂന്ന് വർഷത്തിനു ശേഷം മിലിറ്റിറി ഇൻ്റലിജൻസ് കോറിൽ, 1986 ൽ ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്സിൻ്റെ ഇൻ്റലിജൻസ് വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

എൽടിടിഇക്കാരുടെ നിരന്തരമായുള്ള താക്കീതുകൾ വകവെക്കാതെ ശ്രീലങ്കയിലും അദ്ദേഹം സേവനം അനുഷ്ടിച്ചു. ജോലിക്കിടയിൽ 1989 ൽ വീരമൃത്യു. രാഷ്ട്രപതിയുടെ ഓണററി നായക് സുബേദാർ പദവിയും മരണാനന്തരം സേനാമെഡൽ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

മേലടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസി. രാമചന്ദ്രൻ കുയ്യണ്ടി, ബ്ലോക്ക് മെമ്പർ രാജീവൻ കൊടലൂർ, കെ. ശ്രീധരൻ, എം.കെ. നായർ, മനയിൽ നാരായണൻ മാസ്റ്റർ, രവി നവരാഗ് , എം.കെ വാസു അച്ചുതൻ തട്ടാരി എന്നിവർ സംബന്ധിച്ചു.