രാജസ്ഥാനെ ‘സെവന്‍ അപ്പ്’ കുടിപ്പിച്ച് കേരളം; സന്തോഷ് ട്രോഫിയില്‍ കേരളത്തിന് എതിരില്ലാത്ത ഏഴ് ഗോളുകളുടെ വിജയത്തുടക്കം


കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് തകര്‍ത്തത്.

തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോള്‍ ആണ് കേരളം രാജസ്ഥാനെതിരെ അഴിച്ച് വിട്ടത്. കേരളത്തിനായി വിഘ്‌നേഷ്, നരേഷ്, റിസ്വാന്‍ എന്നിവര്‍ ഇരട്ട ഗോളുകളും നിജോ ഗില്‍ബര്‍ട്ട് ഒരു ഗോളും നേടി.

ആറാം മിനുറ്റില്‍ ഗില്‍ബര്‍ട്ടാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്. പിന്നാലെ 12-ാം മിനുറ്റില്‍ വിഘ്‌നേഷും കേരളത്തിനായി വലകുലുക്കി. 20-ാം മിനുറ്റില്‍ വിഘ്‌നേഷ് വീണ്ടും ഗോള്‍ നേടി.

യുവതാരം നരേഷിന്റെതായിരുന്നു അടുത്ത ഊഴം. 23-ാം മിനുറ്റില്‍ തന്റെ ആദ്യ ഗോളടിച്ച നരേഷ് 36-ാം മിനുറ്റില്‍ വീണ്ടും രാജസ്ഥാന്റെ നെഞ്ച് തുളച്ചു. കളി തുടങ്ങി 36 മിനുറ്റുകള്‍ക്കിടെ അഞ്ച് ഗോളുകള്‍ നേടിയ കേരളം കരുത്ത് തെളിയിച്ചു.

രണ്ടാം പകുതിയിലും രാജസ്ഥാന് ഒരവസരവും കിട്ടിയില്ല. 54-ാം മിനുറ്റില്‍ റിസ്വാനാണ് കേരളത്തിനായി ആദ്യം ഗോള്‍ നേടിയത്. തുടര്‍ന്ന് 81-ാം മിനുറ്റില്‍ വിഘ്‌നേഷിന്റെ പാസില്‍ നിന്ന് റിസ്വാന്‍ വീണ്ടും ഒരു ഗോള്‍ കൂടി നേടിയതോടെ രാജസ്ഥാന്റെ പതനം പൂര്‍ത്തിയായി.

വിജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ ഒന്നാം സ്ഥാനത്തെത്തി കേരളം. ഡിസംബര്‍ 29 ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ബീഹാര്‍ ആണ് കേരളത്തിന്റെ എതിരാളികള്‍.