നയിക്കാന്‍ സഞ്ജു, പൊരുതാന്‍ രോഹന്‍; രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, കൊയിലാണ്ടി സ്വദേശി രോഹന്‍ എസ്. കുന്നുമ്മല്‍ ടീമില്‍


കൊയിലാണ്ടി: രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കൊയിലാണ്ടി സ്വദേശിയായ സൂപ്പര്‍ ബാറ്റര്‍ രോഹന്‍ എസ്. കുന്നുമ്മല്‍ ടീമില്‍ ഇടം പിടിച്ചു. സഞ്ജു സാംസണാണ് ടീം ക്യാപ്റ്റന്‍. സിജോമോന്‍ ജോസഫ് ആണ് വൈസ് ക്യാപ്റ്റന്‍. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ടീം പ്രഖ്യാപിച്ചത്.

2022-23 സീസണില്‍ റാഞ്ചിയിലും ജയ്പൂരിലുമായി നടക്കുന്ന രഞ്ജി ട്രോഫിയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഷോണ്‍ റോജര്‍, കൃഷ്ണ പ്രസാദ്, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ സുരേഷ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി, ദുലീപ് ട്രോഫി തുടങ്ങി വിവിധ ടൂര്‍ണ്ണമെന്റുകളില്‍ മികച്ചപ്രകടനം കാഴ്ച വച്ച രോഹന്‍ എസ്. കുന്നുമ്മല്‍ പലപ്പോഴും കേരളത്തിന്റെ വിജയശില്‍പ്പിയായിട്ടുണ്ട്. വരാനിരിക്കുന്ന ഐ.പി.എല്‍ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ടീമുകള്‍ രോഹനെ നോട്ടമിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

രഞ്ജി ട്രോഫിക്കായുള്ള കേരള ടീം

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിജോമോന്‍ ജോസഫ് (വൈസ് ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, കൃഷ്ണപ്രസാദ്, വത്സാല്‍ ഗോവിന്ദ് ശര്‍മ്മ, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, നിധീഷ് എം.ഡി, ഫനൂസ് എഫ്, ബേസില്‍ എന്‍.പി, വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ എസ് (വിക്കറ്റ് കീപ്പര്‍), രാഹുല്‍ പി (ഫിറ്റ്നസ്)

നസീര്‍ മച്ചാന്‍ (നിരീക്ഷകന്‍), ടിനു യോഹന്നാന്‍ (മുഖ്യ പരിശീലകന്‍), മസ്ഹര്‍ മൊയ്ദു (സഹ പരിശീലകന്‍), രജീഷ് രത്‌നകുമാര്‍ (സഹപരിശീകന്‍), വൈശാഖ് കൃഷ്ണ (ട്രെയിനര്‍), ഉണ്ണികൃഷ്ണന്‍ ആര്‍. എസ് (ഫിസിയോ), സജി സോമന്‍ (വീഡിയോ അനലിസ്റ്റ്).