തോല്‍വികൾക്ക് ശേഷം വീണ്ടും വിജയവഴിയിൽ കേരളം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജമ്മു കശ്മീരിനെ തോല്‍പ്പിച്ചത് 62 റണ്‍സിന്, അഞ്ച് ഫോറും ഒരു സിക്‌സും അടിച്ച് കൊയിലാണ്ടിക്കാരന്‍ രോഹന്‍.എസ്.കുന്നുമ്മല്‍
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം വിജയത്തിളക്കവുമായി കേരളം. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ 62 റണ്‍സിനാണ് കേരളം വിജയിച്ചത്. കേരളത്തിന്റെ ഓപ്പണര്‍ കൊയിലാണ്ടിക്കാരന്‍ രോഹന്‍.എസ്.കുന്നുമ്മല്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 29 റണ്‍സാണ് അടിച്ചത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ജമ്മു കശ്മീര്‍ 19 ഓവറില്‍ 122 റണ്‍സ് എടുത്തപ്പോഴേക്ക് ഓള്‍ ഔട്ടായി. വിജയത്തോടെ കേരളം നോക്ക് ഔട്ട് പ്രതീക്ഷ സജീവമാക്കി.
തുടര്‍ച്ചയായ രണ്ട് കളികള്‍ തോറ്റ ശേഷമാണ് കേരളം വിജയവഴിയിലേക്ക് തിരികെ വന്നത്. ടൂര്‍ണ്ണമെന്റിലെ ആദ്യ മൂന്ന് കളികളും കേരളം വിജയിച്ചിരുന്നു. ഇതിന് ശേഷമാണ് തുടര്‍ച്ചയായ രണ്ട് തോല്‍വികളുണ്ടായത്. ശനിയാഴ്ച മേഘാലയയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.
മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളത്തിനായി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. 32 പന്തില്‍ 62 റണ്‍സെടുത്ത സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റ് നഷ്ടമായ ശേഷമാണ് കേരളാ ടീം വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്തത്.
14 പന്തില്‍ 30 റണ്‍സെടുത്ത ഓപ്പണര്‍ ശുഭം ഖജൂരിയാണ് ജമ്മു കശ്മീരിന്റെ ടോപ് സ്‌കോറര്‍. ഹെനന്‍ നസീര്‍ (17), അബ്ദുല്‍ സമദ് (19), വിവ്രാന്ത് ശര്‍മ (11) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കഴിഞ്ഞ മത്സരത്തില്‍ കേരളം മഹാരാഷ്ട്രയോട് 40 റണ്‍സിന് തോറ്റിരുന്നു. മഹാരാഷ്ട്ര ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിലേക്കുള്ള കേരളത്തിന്റെ യാത്ര 127 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. എന്നാല്‍ ഈ മത്സരത്തില്‍ കൊയിലാണ്ടിക്കാരന്‍ രോഹന്‍.എസ്.കുന്നുമ്മല്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 44 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ നേടി 58 റണ്‍സാണ് രോഹന്‍ അടിച്ചെടുത്തത്.