ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത; കോഴിക്കോട് ജില്ലകളില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം യെല്ലോ അലര്‍ട്ട്


കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം യെല്ലോ അലര്‍ട്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.

വടക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറു – വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് ഒക്ടോബര്‍ 22ഓടെ മധ്യ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യൂന മര്‍ദ്ദമായും തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന് സമീപം മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 22 വരെ വ്യാപകമായ മഴ പെയ്തേക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം ഇന്ന് കോഴിക്കോടിന് പുറമെ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നീ 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിലെ ജാഗ്രതാ നിര്‍ദേശം:

21-10-2022: കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട.

22-10-2022: കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട.

23-10-2022: പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ വ്യാപകമായി ലഭിച്ച മലയോര മേഖലകളില്‍ താമസിക്കുന്നവരും ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം.

summary: yellow alert for three days from today in kozhikode district