വിവാഹമണ്ഡപത്തിൽ നിന്നും നേരെ പോളിങ്ങ് ബൂത്തിലേക്ക്; കൗതുകമായി കൊയിലാണ്ടിയിലെയും ബാലുശ്ശേരിയിലെയും നവദമ്പതികളുടെ വോട്ടിം​ഗ്


കൊയിലാണ്ടി: വിവാഹമണ്ഡപത്തില്‍ നിന്നും നേരെ പോളിങ്ങ് ബൂത്തിലെത്തി നവദമ്പതികള്‍. കൊയിലാണ്ടി. ബാലുശ്ശേരി എന്നിവിടങ്ങളില്‍ നിന്നാണ് ഈ കൗതുക കാഴ്ച. കൊയിലാണ്ടി-മേലൂര്‍ മീത്തലെ കാരോല്‍ ഉദയകുമാറിന്റെ മകള്‍ ആദിത്യയും ബാലുശ്ശേരി പൂനത്ത് ചെറുവത്ത്താഴെ കുനിയില്‍ നവവധു അയനയുമാണ് വരന്മാരോടൊപ്പം പോളിംഗ് ബൂത്തിലെത്തി സമ്മദിദായവകാശം വിനിയോഗിച്ചത്.

വാണിമേല്‍ സ്വദേശിയും സൈനികനുമായ ഇ വിഷ്ണു പ്രസാദാണ് ആദിത്യയുടെ വരന്‍. വെളിയാഴ്ച്ച ഉച്ചക്ക് 12 നും 12. 45 നുമിടക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു ഇവരുടെ വിവാഹം. ചടങ്ങുകളെല്ലാം കഴിഞ്ഞ ഭര്‍തൃ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മേലൂര്‍ എല്‍. പി സ്‌കൂളിലേക്ക് ഇരുവരും എത്തി വോട്ടുരേഖപ്പെടുത്തിയത്.

അയന വരന്‍ സുബിന്‍ കൃഷ്ണയോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തിയത്. പുനത്ത് നെല്ലിശ്ശേരി എ യൂ പി സ്‌കൂളിലെ പോളിംഗ് ബൂത്തിലെത്തിയാണ് അയന വോട്ട് ചെയ്തത്. അതേസമയം വിവാഹം കഴിഞ്ഞ്, വിവാഹവേഷത്തില്‍ വധുവരന്മാര്‍ പോളിങ്ങ് ബുത്തിലേക്ക് എത്തിയ സംഭവം മറ്റിടങ്ങളിലുമുണ്ട്.

 

ഗുരുവായൂരമ്പലത്തില്‍ താലി കെട്ടിയ ഉടനെയാണ് കന്നി വോട്ട് ചെയ്യാന്‍ നവവധു വരനോടൊപ്പം പോളിങ്ങ് ബൂത്തിലെത്തിയത്. മുല്ലശേശരി പറമ്പന്തള്ളി ക്ഷേത്രത്തിന് സമീപം നടുവില്‍ പുരക്കല്‍ രാജീവിന്റെ മകള്‍ തീര്‍ത്ഥയാണ് ഗുരുവായൂരമ്പലത്തില്‍ താലി കെട്ടിയ ഉടന്‍ വരന്‍ രോഹിത്തിനൊപ്പം എത്തി വോട്ട് ചെയ്തത്. മുല്ലശേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ 102-ാം ബൂത്തിലായിരുന്നു തീര്‍ത്ഥയുടെ കന്നി വോട്ട്.