ലോക്സഭയിലേക്ക് മുരളീധരനുമുണ്ടാകും? വയനാട്ടില്‍ നിന്നും മത്സരിക്കാന്‍ സാധ്യതയേറുന്നു


കോട്ടയം: വടകര ലോക്സഭാ മണ്ഡലത്തിൽ നിന്നും അവസാന നിമിഷം തൃശ്ശൂരിലേക്ക് മാറ്റിയതാണ് കെ മുരളീധരനെ. ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും വമ്പൻതോൽവിയായിരുന്നു മുരളീധരന്റേത്. മാത്രമല്ല സുരേഷ് ​ഗോപിയിലൂടെ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാനും സാധിച്ചു. തോൽവിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ ആരോപണവുമായി രം​ഗത്തെത്തിയ മുരളീധരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺ​ഗ്രസ്. അദ്ദേഹത്തെ തണുപ്പിച്ചില്ലെങ്കിൽ പാർട്ടിക്ക് ക്ഷീണമുണ്ടാകുമെന്ന വിലയിരുത്തലുമുണ്ട്.

ഫലപ്രഖ്യാപനത്തിനി പിന്നാലെ ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും തൽക്കാലം പൊതുരംഗത്തുനിന്നും വിട്ടുനിൽക്കുകയാണെന്നുമാണ് മുരളീധരൻ പറഞ്ഞത്. എന്നാൽ നേതൃത്വം പറഞ്ഞിട്ട് മണ്ഡലം മാറി മത്സരിക്കുകയും തോല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പദവികൾ നൽകി അദ്ദേഹത്തെ കൂടെ നിർത്താനാണ് സാധ്യത. മുരളീധരന് അര്‍ഹമായ പദവി നല്‍കുക മാത്രമാണ് പോംവഴിയെന്നാണ് നേതാക്കൾ പറയുന്നത്.

യുഡിഎഫ് കൺവീനർ പദവി, കെപിസിസി അധ്യക്ഷസ്ഥാനം, വയനാട് ലോക്സഭാ സീറ്റ് എന്നീ മൂന്ന് ഓഫറുകളാണ് മുരളീധരനു മുന്നിൽ പ്രധാനമായും വയ്ക്കാൻ സാധ്യതയെന്നാണ് വിലയിരുത്തൽ. വയനാടിനൊപ്പം, റായ്ബറേലിയിലും രാഹുൽ​ഗാന്ധി വിജയിച്ചിട്ടുണ്ട്. അതിനാൽ വയനാട് ഉപേക്ഷിച്ചേക്കാമെന്ന സൂചനയുണ്ട്. വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥിതിവിശേഷമുണ്ടായി സംസ്ഥാന നേതാക്കൾക്ക് മത്സരിക്കാൻ അവസരം കിട്ടിയാൽ കെ മുരളീധരനെയും പരി​ഗണിക്കാൻ സാധ്യതയുണ്ട്.

നേരത്തെ എൻസിപി സ്ഥാനാർ‌ഥിയായി ഒറ്റയ്ക്ക് മത്സരിച്ച് എൺപതിനായിരത്തോളം വോട്ടുകൾ നേടിയ ചരിത്രം വയനാട്ടിൽ കെ മുരളീധരനുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു ഓഫർ വന്നാൽ സ്വീകരിക്കാൻ മുരളീധരൻ തയാറായേക്കില്ല ചെലപ്പോൾ.