തിരുവങ്ങൂര്‍ സ്‌കൂള്‍ ടീമില്‍ നിന്ന് മാള്‍ട്ട പ്രൊഫഷണല്‍ ലീഗിലേക്ക്; യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടി പന്ത് തട്ടുന്ന ആദ്യ ഇന്ത്യന്‍ താരമായി കാപ്പാട് സ്വദേശി ഷംസീര്‍ മുഹമ്മദ് (വീഡിയോ കാണാം)


കൊയിലാണ്ടി: നാടിന് അഭിമാനമായി കാപ്പാട് സ്വദേശിയായ ഫുട്‌ബോള്‍ താരം. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ പന്ത് തട്ടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കാപ്പാട് സ്വദേശിയായ ഷംസീര്‍ മുഹമ്മദ്.

യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗിലാണ് ഷംസീര്‍ കളിക്കുക. മാള്‍ട്ട രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന എംഡിന നൈറ്റ്‌സ് എഫ്.സിയുമായാണ് ഷംസീര്‍ കരാര്‍ ഒപ്പിട്ടത്.

മലയാളികള്‍ സ്ഥാപിച്ച എഡക്‌സ് കിങ്‌സ് എഫ്.സിക്കായി അമ്വച്ചര്‍ ലീഗില്‍ കളിക്കാനായാണ് ഷംസീര്‍ മാള്‍ട്ടയില്‍ എത്തിയത്. ടീമിന്റെ ക്യാപ്റ്റന്‍ കൂടിയാണ് ഷംസീര്‍. എഡക്‌സ് കിങ്ങിനായി മാള്‍ട്ട അമ്വച്ചര്‍ ലീഗില്‍ ഷംസീര്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് അദ്ദേഹത്തിന് മാള്‍ട്ടയിലെ പ്രൊഫഷണല്‍ ലീഗിലേക്ക് വഴി തുറന്നത്.

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീമിന് വേണ്ടിയാണ് ഷംസീര്‍ ഫുട്‌ബോള്‍ കളി തുടങ്ങിയത്. പിന്നീട് യൂണിവേഴ്‌സല്‍ സോക്കര്‍ സ്‌കൂളില്‍ പരിശീലനം തേടിയ ഷംസീര്‍ കേരള പ്രീമിയര്‍ ലീഗില്‍ ക്വാര്‍ട്‌സ് സോക്കറിനായും നാല് വര്‍ഷം കോഴിക്കോട് ജില്ലാ ടീമിനായും കളിച്ചു. കൂടാതെ ജില്ലാ ലീഗില്‍ ഗുരുവായുരപ്പന്‍ കോളേജിന്റെയും താരമായിരുന്നു അദ്ദേഹം.

മലയാളി താരങ്ങള്‍ക്ക് വിദേശത്ത് അവസരങ്ങളൊരുക്കിയെന്ന എഡക്‌സ് കിങ്‌സ് പദ്ധതിയുടെ ആദ്യവിജയമാണ് ഷംസീറിന്റെ നേട്ടമെന്ന് ക്ലബ്ബ് ചെയര്‍മാന്‍ ലിഗൊ ജോണും പ്രസിഡന്റ് വിബിന്‍ സേവ്യറും അറിയിച്ചു. മലയാളി കളിക്കാരെ പരിശീലനം നല്‍കി വളര്‍ത്തിയെടുക്കാനായി ദുബായ് മൂന്നാം ഡിവിഷനിലെ ഡി ഗാര്‍ഡന്‍സ് ക്ലബ്ബുമായി എഡക്‌സ് ധാരണയിലെത്തിയിട്ടുണ്ട്.

വീഡിയോ കാണാം:

‎ ‎