”നട്ടുച്ചയ്ക്ക് പോലും ചുറ്റും ഇരുണ്ട് കറുത്ത് രാത്രിപോലെ തോന്നും; രണ്ട് നില കെട്ടിടത്തിന്റെ ഉയരത്തില്‍ കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പ്ലാസ്റ്റിക് കൂമ്പാരം” ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ രക്ഷാദൗത്യത്തില്‍ പങ്കാളിയായ കോഴിക്കോട്ടെ അഗ്നിരക്ഷാ പ്രവര്‍ത്തകരുടെ അനുഭവത്തിലൂടെ


ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടുത്തവും അതുയര്‍ത്തുന്ന മാലിന്യ, ആരോഗ്യ പ്രശ്‌നങ്ങളും കഴിഞ്ഞ കുറച്ചുദിവസമായി കേരളമൊട്ടുക്കും ചര്‍ച്ചയാണ്. ആകാശത്ത് പുകനിറഞ്ഞതോടെ ശ്വാസം കഴിക്കാന്‍ പോലും പറ്റുന്നില്ലെന്ന് സമീപവാസികളും സിനിമാ പ്രവര്‍ത്തകരുമെല്ലാം പറഞ്ഞ് കേള്‍ക്കുന്നുണ്ട്. അവിടെ തീ കെടുത്താനായി വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരുന്ന നൂറുകണക്കിന് ജീവനക്കാരെക്കുറിച്ച് ഓര്‍ത്തിട്ടുണ്ടോ? കോഴിക്കോട് നിന്നുപോയ സംഘത്തിലെ അഗ്നിരക്ഷാപ്രവര്‍ത്തകന്‍ ബ്രഹ്‌മപുരത്ത് ജോലി ചെയ്തതിന്റെ അനുഭവം കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെക്കുകയാണ്.

ഇരുപതോളം പേരടങ്ങുന്ന ഓരോ ബാച്ചായാണ് കോഴിക്കോട് ജില്ലയില്‍ നിന്നും പോയത്. ബ്രഹ്‌മപുരം പ്ലാന്റിന് അടുത്തുള്ള തൃക്കാക്കര സ്റ്റേഷനിലാണ് ഞങ്ങളുടെ ഹോള്‍ട്ടിങ്. അന്ന് രാത്രി തന്നെ നാല് പേരെ ഡ്യൂട്ടിക്ക് കൊണ്ടുപോയി. രാത്രി എട്ടുമണി മുതല്‍ പകല്‍ ഏഴുമണിവരെയാണ് ഡ്യൂട്ടി. രാവിലെ ഏഴുമണിക്കായിരുന്നു ഞാനടങ്ങിയ സംഘത്തിന് ഡ്യൂട്ടി തുടങ്ങിയത്. മറ്റു ജില്ലകളില്‍ നിന്നുള്ളവരെല്ലാം കൂടി പത്തറുപത് സേനാംഗങ്ങളുണ്ടായിരുന്നു അവിടെയപ്പോള്‍.

ഏകദേശം പകുതിയിലേറെ തീ കെടുത്തിയശേഷമാണ്  അവിടെ എത്തുന്നത്. ഒന്നോ രണ്ടോ വാര്‍ഡിന് തുല്യമുള്ള ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന വലിയ പ്രദേശം. നോക്കത്താ ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മാലിന്യ കൂമ്പാരം. നിലത്തെ മണ്ണ് പോലും കാണില്ല. പ്ലാസ്റ്റിക്കിന്റെ കുന്ന് എന്ന് തന്നെ പറയാം. രണ്ട് നില കെട്ടിടത്തിന്റെ അത്രയും ഉയരത്തിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍. അടുത്തൊന്നും അങ്ങനെ വീടുകളില്ല. എന്നാല്‍ കുറച്ചുമാറി ഫ്‌ളാറ്റുകളും മറ്റുമുണ്ട്.

ഈ പ്രദേശം പൂജ്യം മുതല്‍ ഏഴ് വരെ സെക്ടറായി തിരിച്ചിട്ടുണ്ട്. ഓരോ സെക്ടറിലേക്കുമാണ് ജീവനക്കാരെ കൊണ്ടുപോകുക. ഓരോ സെക്ടറിലും രണ്ട് വാഹനവും അഞ്ചോ പത്തോ പേരുമുണ്ടാകും.  ഇതിനടുത്ത് തന്നെ ഒരു ആറുണ്ട്. ചതുപ്പ് പോലുള്ള സ്ഥലമാണ്. ആകെ അഴുക്ക് വെള്ളമാണ്. കൊച്ചിയിലെ മലിന ജലം കെട്ടിക്കിടക്കുന്ന ഇടം. ഇവിടെ മൂന്നോ നാലോ പോയിന്റുകളില്‍ നിന്നായാണ് തീയണക്കാന്‍ ആവശ്യമായ വെള്ളമെടുക്കുന്നത്. ഇവിടെ നിന്നും നിരന്തരം വെള്ളം എത്തിക്കാനുള്ള സംവിധാനവുമുണ്ട്.

തീ കെടുത്തുകയെന്ന പ്രോസസും അത്ര എളുപ്പമല്ല. വെറുതെ പ്ലാസ്റ്റിക്കിനു മേല്‍ വെള്ളമൊഴിച്ചാല്‍ അടിഭാഗത്തേക്ക് എത്തില്ല. മുകളില്‍ നിന്ന് ഒഴുകിയങ്ങ് പോകും. ക്രെയിനും ജെ.സി.ബിയുമുപയോഗിച്ച് മുകളിലത്തെ ഭാഗത്തുനിന്നും പ്ലാസ്റ്റിക് നീക്കിയശേഷമാണ് വെള്ളമടിക്കുന്നത്. ജെ.സി.ബിയുടെ കയ്യില്‍ വെള്ളംമൊഴിച്ചുമൊക്കെയാണ് തീകെടുത്തുന്നത്. ഇതൊരു നിരന്തരമായ പ്രോസസായിരുന്നു. ആളുകള്‍ മാറുമെന്ന് മാത്രം. ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി രണ്ട് സംഘം എത്തും.

അവിടെ എത്തുമ്പോഴേക്കും അത്യാവശ്യം പുക കുറഞ്ഞിട്ടുണ്ടെങ്കിലും കാറ്റടിക്കുന്നത് അനുസരിച്ച് പുക ഉയര്‍ന്നുവരുന്നുണ്ടായിരുന്നു. അതുതന്നെ അങ്ങേയറ്റം അസഹനീയമായിരുന്നു. ഉച്ചയ്ക്ക് രണ്ട് മൂന്ന് മണിക്കൊക്കെ ഇരുട്ടായതുപോലെ തോന്നും. പുകയെന്ന് പറഞ്ഞാല്‍ ചെറുതൊന്നുമല്ല, കറുത്തിരുണ്ട്, മല പോലെയാണ് വരിക. അഞ്ച് പത്തുമിനിറ്റുനേരത്തേക്ക് ശ്വാസം തന്നെ കിട്ടില്ല. മാറി നിന്നും പുറം തിരിഞ്ഞ് നിന്നും വെള്ളമടിക്കുകയേ വഴിയുള്ളൂ.

ശാരീരികമായ ബുദ്ധിമുട്ട് ഡ്യൂട്ടിയെടുത്ത പലര്‍ക്കുമുണ്ട്. പക്ഷേ ആരും പാതിവഴിയില്‍ ഡ്യൂട്ടി നിര്‍ത്തി പോകുകയോ വയ്യെന്ന് പറഞ്ഞ് മാറി നില്‍ക്കുകയോ ചെയ്തിട്ടില്ല. എല്ലാ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ഈ പ്രവര്‍ത്തനം തുടര്‍ന്നു. മാലിന്യത്തിന്റെ മണം തന്നെ അവിടെ സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഒപ്പം കത്തിയതിന്റെ മണവും കൂടിയാകുമ്പോള്‍ അസഹനീയമാണ് സ്ഥിതി. ആ മാലിന്യ കൂമ്പാരത്തിനിടയില്‍ നിന്നുതന്നെയാണ് ഭക്ഷണവും കഴിക്കുക. ഒഴിഞ്ഞ സ്ഥലമൊന്നും അടുത്തെങ്ങുമില്ല. ആഹാരവും കുടിക്കാനുള്ള വെള്ളവും കൃത്യമായി എത്തിച്ചുതരും. അതിനൊന്നും ഒരു ബുദ്ധിമുട്ടുമുണ്ടായിട്ടില്ല.

തീ പൂര്‍ണമായി ഇപ്പോള്‍ കെടുത്തിയിട്ടുണ്ട്. എങ്കിലും കുറച്ച് സേനാംഗങ്ങള്‍ അവിടെ തന്നെ തുടരുകയാണ്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമമുണ്ടായില്ലെങ്കില്‍ ഇനിയും തീ പിടിക്കാനുള്ള സാധ്യതയുണ്ട്. പ്ലാസ്റ്റിക് അവിടെ തന്നെയുണ്ടല്ലോ.