ചുട്ടുപൊള്ളി കേരളം; കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട്, വരള്‍ച്ചക്കും സാധ്യത


കോഴിക്കോട്: സംസ്ഥാനത്ത് ചൂട് റെക്കോഡ് വേഗത്തില്‍ കുതിക്കുന്നു. കോഴിക്കോട് ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ 42 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതായി സിഡബ്ല്യുആര്‍ഡിഎം (സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്) പഠനത്തില്‍ കണ്ടെത്തി. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ ശരാശരി ചൂടില്‍ 0.2 ഡിഗ്രി മുതല്‍ 1.6 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വര്‍ധന.

കോഴിക്കോട്, ആലപ്പുഴ, വയനാട്, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം ജില്ലകളിലാണ് ചൂട് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുന്നത്. കാലാവസ്ഥാവ്യതിയാനമാണ് താപനില വര്‍ധനയ്ക്ക് കാരണമെന്ന് സിഡബ്ല്യുആര്‍ഡിഎം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. യു സുരേന്ദ്രന്‍ പറഞ്ഞു. വരും മാസങ്ങളിലും വര്‍ഷങ്ങളിലും ചൂട് കൂടാനും വരള്‍ച്ചയുണ്ടാകാനും സാധ്യതയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു.

മുന്‍വര്‍ഷങ്ങളിലെ താപനിലകളുടെ ശരാശരി പരിശോധിച്ചതിലാണ് വര്‍ധന കണ്ടെത്തിയത്. കൂടുതല്‍ വര്‍ധന ആലപ്പുഴയിലാണ്. 1.6 ഡിഗ്രി സെല്‍ഷ്യസ്. ഇതോടൊപ്പം പ്രത്യേക മാതൃക ഉപയോഗിച്ച് (sarima) നടത്തിയ പഠനത്തില്‍ വരും മാസങ്ങളില്‍ വരള്‍ച്ചാസാധ്യതയും കണ്ടെത്തി.

ഉയര്‍ന്ന താപനില വിളകളില്‍ സങ്കീര്‍ണവും ദൂരവ്യാപകവുമായ സ്വാധീനമുണ്ടാക്കും. നെല്ല്, ചീര, പയര്‍, കാപ്പി തുടങ്ങിയ വിളകളില്‍ 6-14 ശതമാനം വിളവ് നഷ്ടപ്പെടാമെന്നും പഠനത്തില്‍ പറയുന്നു. ഉയര്‍ന്ന താപനിലയുടെ ആഘാതം ലഘൂകരിക്കാന്‍ ജലസേചന പരിപാലനം, തണല്‍ പരിപാലനം, വിള തെരഞ്ഞെടുക്കല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ നടപ്പാക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.