വ്യാജ സർട്ടിഫിക്കറ്റ് കേസ് പ്രതി കെ.വിദ്യ മേപ്പയ്യൂരിൽ നിന്ന് പൊലീസ് പിടിയിൽ


മേപ്പയ്യൂർ: മഹാരാജാസ് കോളേജിന്റേ പേരിലുള്ള വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അധ്യാപക ജോലിക്ക് ശ്രമിച്ച കേസിലെ പ്രതി കെ.വിദ്യ പൊലീസ് കസ്റ്റഡിയില്‍. മേപ്പയ്യൂരില്‍ നിന്ന് പാലക്കാട് അഗളി പൊലീസാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. വിദ്യയെയും കൊണ്ട് പൊലീസ് അഗളിയിലേക്ക് തിരിച്ചു. അര്‍ധരാത്രിയോടെ വിദ്യയെയും കൊണ്ട് പൊലീസ് അഗളിയിലെത്തും.

വിദ്യയ്ക്കായി വ്യാപകമായ തിരച്ചിലാണ് പൊലീസ് ഇന്നലെയും ഇന്നുമായി നടത്തിയത്. വടകര, മേപ്പയ്യൂര്‍ മേഖല കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഈ അന്വേഷണത്തിനൊടുവിലാണ് വിദ്യ പൊലീസിന്റെ കസ്റ്റഡിയിലായത്.

മേപ്പയ്യൂരിന് സമീപം ആവള കുട്ടോത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് വിദ്യയെ കസ്റ്റഡിയിലെടുത്തത് എന്നാണ് വിവരം. ഇവിടെ നിന്ന് ഇറങ്ങിപ്പോകുന്ന സമയത്താണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അടുത്ത ആഴ്ച ഹൈക്കോടതി പരിഗണിക്കാനായി മാറ്റിയ സാഹചര്യത്തിലാണ് വിദ്യ പിടിയിലായത്.

അഗളി പൊലീസ് സ്റ്റേഷനിലും നീലേശ്വരം പൊലീസ് സ്റ്റേഷനിലും വിദ്യയ്‌ക്കെതിരെ കേസുണ്ട്. പതിനഞ്ച് ദിവസത്തെ ഒളിവുജീവിതത്തിന് ശേഷമാണ് വിദ്യ പിടിയിലാവുന്നത്.