മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; തീയിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്പ്‌ടോപ്പ്, പ്രിന്റര്‍, ഫര്‍ണ്ണിച്ചറുകള്‍, ഫയലുകള്‍ എന്നിവ കത്തിനശിച്ചു. ലൈഫ് പദ്ധതിയില്‍ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രകോപിതനായാണ് മുജീബ് റഹ്മാന്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

തീ കൊളുത്തരുടെന്ന് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാതെയാണ് മുജീബ് ആക്രമണം നടത്തിയത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പലതവണ ഓഫീസില്‍ കയറി ഇറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാള്‍ തീയിട്ടത്. ഇതിന് ശേഷം ശുചിമുറിയില്‍ കയറി കൈ ഞരമ്പ് മുറിച്ചാണ് മുജീബ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പൊലീസ് എത്തി മുജീബ് റഹ്മാനെ അറസ്റ്റ് ചെയ്ത് നീക്കി. ഇയാളുടെ പരിക്ക് ഗുരുതരമല്ല. മുജീബ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താവ് ആണെന്നും പട്ടികയില്‍ 94-ാമതായി ഉണ്ടെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. എന്നാല്‍ ലൈഫ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നില്ലെന്ന് പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു.

വീഡിയോ കാണാം: