‘ലോകം മുഴുവൻ സുഖം പകരാനായി…’ ഒരേസമയം ഗാനമാലപിച്ച് മൂവായിരത്തോളം കുട്ടികളും അധ്യാപകരും; വേറിട്ട അനുഭവമായി പയ്യോളി തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കന്ററി സ്‌ക്കൂളിലെ ഗാനാലാപനം


പയ്യോളി: ലോക സംഗീത ദിനത്തില്‍ വേറിട്ട പരിപാടി അവതരിപ്പിച്ച് പയ്യോളി തിക്കോടിയൻസ് സ്മാരക ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്‌ക്കൂള്‍. റേഡിയോ സംവിധാനം ഉപയോഗിച്ച് മ്യൂസിക് ക്ലബ്ബിലെ വിദ്യാർത്ഥികൾ ചേർന്ന് ആലപിച്ച “ലോകം മുഴുവൻ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ…” എന്ന ഗാനമാണ് ഒരേസമയം ക്ലാസിൽ എഴുന്നേറ്റു നിന്ന് 3000ത്തോളം കുട്ടികളും ഒപ്പം അധ്യാപകരും ചേർന്ന് പാടിയത്. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഒരേ സമയം ഗാനമാലപിച്ചപ്പോൾ അത് സ്കൂൾ പഠനാനുബന്ധ പ്രവർത്തനങ്ങളിലെ വേറിട്ട അനുഭവമായി.

ചിന്തയിലും അവതരണത്തിലും പുതിയ ആശയങ്ങളും പദ്ധതികളുമായി മുന്നേറുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് കുട്ടികളും അധ്യാപകരും ചേർന്ന് ഒരുമിച്ച് പാട്ട് പാടിയത്‌. ഇത്രയും കുട്ടികൾ ഒരേസമയം ഒന്നിച്ച് ഒരേ ഗാനം ആലപിക്കുന്നത് വിദ്യാലയ ചരിത്രത്തിൽ തന്നെ പുതിയൊരു അനുഭവമായിരിക്കും എന്ന് പ്രധാന അധ്യാപകൻ മൂസക്കോയ നടുവണ്ണൂർ പറഞ്ഞു.

ഗാനാലാപനത്തിനു ശേഷം സ്കൂൾ ഓഡിറ്റോറിയത്തിൽ സ്വര മ്യൂസിക് ക്ലബ് നേതൃത്വത്തിൽ നടത്തിയ സംഗീത പരിപാടി റിയാലിറ്റി ഷോ വിജയിയും സ്കൂൾ വിദ്യാർത്ഥിയും കൂടിയായ ശ്രീനന്ദ് വിനോദ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബിജു കളത്തിൽ, പ്രധാന അധ്യാപകൻ മൂസക്കോയ മാസ്റ്റർ, ഡെപ്യൂട്ടി എച്ച്എം. സജീവൻ എന്നിവർ സംസാരിച്ചു.

തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഗാനങ്ങൾ ആലപിച്ചു. അധ്യാപകരായ ജയലക്ഷ്മി, പ്രിയ, പ്രേംകുമാർ, അനിത, ജയപ്രഭ, രാജേഷ്, പ്രിയ, സുമേഷ് എന്നിവർ നേതൃത്വം നല്‍കി.