മോദി സര്‍ക്കാര്‍ തൊഴില്‍ നിയമങ്ങളെല്ലാം പൊളിച്ചെഴുതുന്നു- കെ.ടി കുഞ്ഞിക്കണ്ണന്‍; മെയ്ദിന റാലി സംഘടിപ്പിച്ച് സി.ഐ.ടി.യു പയ്യോളി ഏരിയ കമ്മിറ്റി


പയ്യോളി: മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തൊഴില്‍ നിയമങ്ങളെല്ലാം മൂലധനശക്തികള്‍ക്ക് അനുകൂലമായി പൊളിച്ചെഴുതുകയാണെന്ന് സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം കെ.ടി കുഞ്ഞിക്കണ്ണന്‍. സി.ഐ.ടി.യു പയ്യോളി ഏരിയ കമ്മിറ്റി പയ്യോളി ടൗണില്‍ സംഘടിപ്പിച്ച മെയ് ദിന റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനദ്രോഹ നയങ്ങളെ പ്രതിരോധിക്കാനും തൊഴിലവകാശങ്ങള്‍ സംരക്ഷിക്കാനും ഒരു സ്വതന്ത്ര രാഷ്ട്രീയ ശക്തി എന്ന നിലക്ക് തൊഴിലാളി വര്‍ഗ്ഗത്തെ ഒന്നാകെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ സാഹചര്യം ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തോട് നിരന്തരമായി ആവശ്യപ്പെടുന്നത്. ജാതിമത വര്‍ഗീയ വിഭജനങ്ങള്‍ക്കപ്പുറം ഒരു വര്‍ഗ്ഗം എന്ന നിലക്ക് സംഘടിക്കാനും കൊളോണിയല്‍ കാലഘട്ടം മുതല്‍ ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം നേടിയെടുത്ത അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടമാണ് അധ്വാനിക്കുന്ന വര്‍ഗ്ഗം ഇന്ന് ഒന്നിച്ച് ഏറ്റെടുക്കേണ്ടതെന്നുംകുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

എ.കെ ഷൈജു അധ്യക്ഷനായ പരിപാടിയില്‍ സി.ഐ.ടിയു ജില്ലാ സെക്രട്ടറി കെ.കെ മമ്മു, സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.പി ഷിബു, ടി. ചന്തു മാസ്റ്റര്‍, ഇ.എം രജനി എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ.കെ പ്രേമന്‍ സ്വാഗതം പറഞ്ഞു.