പിന്‍ സീറ്റില്‍ മൂക്കില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ മൃതദേഹം; വടകരയില്‍ യുവാവിനെ ഓട്ടോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത


വടകര: വടകരയില്‍ വാടകയ്ക്ക് താമസിക്കുന്ന ഷാനിഫിനെ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. യാത്രക്കാരുടെ സീറ്റില്‍ മൂക്കില്‍ നിന്ന് രകതം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഓട്ടോയില്‍ നിന്ന് ഒഴിഞ്ഞ മദ്യ കുപ്പിയും കണ്ടെടുത്തിരുന്നു. വടകരയില്‍ ഇന്നലെയാണ് യുവാവിനെ സ്വന്തം ഓട്ടോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വടകര പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം കണ്ട സ്ഥലത്ത് ഫോറന്‍സിക് സംഘവും ഫിംഗര്‍ പ്രിന്റ് വിദഗ്ധരും പരിശോധിച്ചു. അമിത ലഹരി ഉപയോഗമാകാം മരണത്തിന് കാരണമെന്ന നിഗമനത്തില്‍ ആണ് പൊലീസ്.

ഷാനിഫിനെ കാണാനില്ലെന്ന് പറഞ്ഞ് ചൊവ്വാഴ്ച ഉച്ചയോടെ ഭാര്യ വടകര പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ ഷാനിഫിന്റെ ലൊക്കേഷന്‍ വടകര ജെടി റോഡിന് സമീപത്തെ പെട്രോള്‍ പമ്പ് ആണെന്ന് വ്യക്തമായി. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഓട്ടോറിക്ഷയില്‍ മൃതദേഹം കണ്ടെത്തിയത്.

പതിവായി ലഹരി ഉപയോഗിക്കുന്ന ശീലം ഷാനിഫിന് ഉണ്ടായിരുന്നതായി ഭാര്യ പോലീസിന് മൊഴി നല്‍കിയിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചാല്‍ ഇയാള്‍ക്ക് ബോധമില്ലാതാകുന്നത് പതിവാണെന്നും ഭാര്യയുടെ മൊഴിയില്‍ ഉണ്ട്. മാസങ്ങള്‍ക്കിടെ വടകരയിലൂം സമീപ പ്രദേശത്തും അമിത ലഹരി ഉപയോഗത്താല്‍ നാല് പേര്‍ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ എല്ലാ സാധ്യതകളും പരിശോധിക്കുകയാണ് പൊലീസ്.