തെങ്ങിൽ കയറാൻ ആളില്ലാത്ത പ്രശ്നം ഇനിയില്ല; നാളികേര കർഷകർക്ക് കൈത്താങ്ങാവാൻ മൂടാടി പഞ്ചായത്തിൽ കേരസൗഭാഗ്യ  പദ്ധതി


മൂടാടി: തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ പണമില്ലാത്തതുമായ കേരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മൂടാടി ഗ്രാമപഞ്ചായത്ത്. 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേരസൗഭാഗ്യ പദ്ധതി നടപ്പാക്കുന്നതിലൂടെയാണ് നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് ഒറ്റയടിക്കുള്ള പരിഹാരം കാണുന്നത്.

കൃഷിഭവൻ മൂടാടി കാർഷിക കർമസന മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങ് കയറ്റ തൊഴിലാളികളെ കർമ്മ സേനയിൽ രജിസ്റ്റർ ചെയ്തതിന് ശേഷം കർമസേന മുഖാന്തിരം തൊഴിലാളികളെ ആവശ്യക്കാർക്ക് എത്തിക്കും. കർഷകർ തങ്ങളുടെ വേതനത്തിൻ്റ വിഹിതം കർമ സേനയിലടക്കുകയും ഗ്രാമപഞ്ചായത്തിൻ്റ വേതനവിഹിതവും ചേർത്ത് തൊഴിലാളികൾക് നൽകും.

കൃഷി ഓഫീസറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. തെങ്ങിന്റെ എണ്ണമനുസരിച്ചാണ് സബ്സിഡി നൽകുക. നാളികേര വിലയിടിയൽ കാരണം കഷ്ടപ്പെടുന്ന കർഷകർക്ക് പദ്ധതി ഏറെ സഹായകമാവുമെന്ന് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.ശ്രീകുമാർ പറഞ്ഞു.

പദ്ധതിക്ക് 19 ലക്ഷം രൂപയാണ് ആകെ ചെലവ് പ്രതീക്ഷിക്കുന്നത്. ഗ്രാമസഭ മുഖാന്തിരം അപേക്ഷ സ്വീകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇത് കൂടാതെ വളപ്രയോഗത്തിനും പദ്ധതിയുണ്ട്.