മണ്ണിടിച്ചലുണ്ടായ കുന്ന്യോറമലയുടെ ഭാഗങ്ങളില്‍ ബലപ്പെടുത്തല്‍ തുടങ്ങി; വീടുകളിലേക്ക് മടങ്ങാന്‍ ഇനിയും എത്രകാലം കാത്തിരിക്കണമെന്നറിയാതെ പ്രദേശവാസികള്‍
കൊയിലാണ്ടി: ദേശീയപാതയുടെ ഭാഗമായ നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസില്‍ കഴിഞ്ഞ മഴക്കാലത്ത് വലിയ തോതില്‍ മണ്ണിടിച്ചലുണ്ടായ ഭാഗത്ത് ബലപ്പെടുത്തല്‍ പ്രവൃത്തികള്‍ ആരംഭിച്ചു. ഏറ്റവും ഉയര്‍ന്ന ഭാഗത്തെ രണ്ടുവശത്തെയും കൂറ്റന്‍ മതിലുകള്‍ ബലപ്പെടുത്തുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. മതിലിനുള്ളിലേക്ക് ഇരുമ്പ് കമ്പികള്‍ യന്ത്രം കൊണ്ട് അടിച്ചുകയറ്റി കോണ്‍ക്രീറ്റ് സ്‌പ്രേ ചെയ്ത് നിറയ്ക്കുകയാണ് ചെയ്യുന്നത്.
മണ്ണിടിച്ചല്‍ കാരണം വീടുകള്‍ അപകടാവസ്ഥയിലായതോടെ ഇവിടെ നിന്നും താമസം മാറേണ്ടിവന്നവര്‍ അടക്കമുള്ള പ്രദേശവാസികള്‍ പ്രവൃത്തി ആരംഭിച്ചതോടെ വീടുകളിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ്. എട്ട് കുടുംബങ്ങളാണ് കഴിഞ്ഞ ഏഴ് മാസത്തോളമായി വാടക വീടുകളില്‍ താമസിക്കുന്നത്. വാടക വാഗാഡ് വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ തങ്ങള്‍ക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്നും സ്വന്തം കയ്യില്‍ നിന്നാണ് വാടക തുക നല്‍കുന്നതെന്നും പ്രദേശവാസിയായ ഷനിത്ത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
ബലപ്പെടുത്തല്‍ പ്രവൃത്തി പ്രതീക്ഷയാണെങ്കിലും ഇത് പൂര്‍ത്തിയാകണമെങ്കില്‍ നാലഞ്ച് മാസങ്ങള്‍ ഇനിയുമെടുക്കുമെന്നാണ് കരുതുന്നത്. മണ്ണിടിഞ്ഞ ഒരു ഭാഗത്ത് മാത്രമാണ് നിലവില്‍ ബലപ്പെടുത്തല്‍ നടക്കുന്നത്. മണ്ണിടിഞ്ഞ ഇടങ്ങള്‍ എല്ലാം തന്നെ ബലപ്പെടുത്തിയാലേ വീടുകള്‍ സുരക്ഷിതമാകൂവെന്നും അതിനുശേഷമേ മടങ്ങിപ്പോകാനാവൂവെന്നും ഷനിത്ത് പറഞ്ഞു.
കുന്ന്യോറമലയില്‍ ദേശീയപാതയ്ക്കായി മണ്ണെടുത്ത ഭാഗങ്ങളിലാണ് മണ്ണിടിച്ചലുണ്ടായത്. മഴ കനത്തതോടെ ശക്തമായി മണ്ണിടിയുകയും പ്രദേശത്തെ വീടുകള്‍ അപകടാവസ്ഥയിലായവുകയുമായിരുന്നു. ഈ സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം പ്രദേശവാസികള്‍ മാറിത്താമസിക്കുകയായിരുന്നു.