പയ്യോളി-വടകര ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ കാറിടിച്ച് അപകടം; കാര്‍യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം, കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്


പയ്യോളി: പയ്യോളി – വടകര ദേശീയപാതയില്‍ നിര്‍ത്തിയിട്ട ലോറിയ്ക്ക് പിറകിലിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. മടവൂര്‍ ചോലക്കര താഴം വെങ്ങോളിപുറത്ത് നാസറിന്റെ ഭാര്യ തന്‍സി(33)യാണ് മരിച്ചത്. അപകടത്തില്‍ കാര്‍ യാത്രക്കാരായ 4 കുട്ടികളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ ഉച്ചയോടെയാണ് സംഭവം. പയ്യോളി ദേശീയപാതയില്‍ ഇരിങ്ങല്‍ മല്‍പാറക്ക് സമീപം ആറുവരിപാതയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച ഭാഗത്താണ് അപകടം നടന്നത്. അപകടത്തില്‍ തന്‍സിയുടെ ഭര്‍ത്താവ് നാസര്‍ (40), ആദില്‍ അബ്ദുല്ല (11), ബിഷറുല്‍ അഫി (8). ഫാത്തിമ മെഹ്‌റിന്‍ (10), സിയ (7) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കാറിന്റെ മുന്‍വശം നിര്‍ത്തിയിട്ട ലോറിയുടെ അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ആറുവരിയുടെ ഭാഗമായി ഒരു ഭാഗത്തേക്ക് മാത്രം വണ്‍വേയായി താല്‍ക്കാലികമായി മൂന്നുവരി മാത്രം തുറന്നുകൊടുത്ത വീതിയേറിയ റോഡിലാണ് അപകടം സംഭവിച്ചത്.

മരിച്ച തന്‍സിയ കാറിനുളളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് തന്‍സിയയെ പുറത്തെടുക്കാനായത്. അപകട സ്ഥലത്ത് എത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.