അയനിക്കാട് നാടിനെ നടുക്കി കൊലപാതകം; മക്കളെ കൊലപ്പെടുത്തി അച്ഛന്‍ റെയില്‍വേ പാളത്തില്‍ ജീവനൊടുക്കി


പയ്യോളി: അയനിക്കാട് കുറ്റിയില്‍പ്പീടികയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തി അച്ഛന്‍ ജീവനൊടുക്കി. പുതിയോട്ടില്‍ സുമേഷും മക്കളായ ഗോപിക (16), ജ്യോതിക (10) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. വീടിന് അടുത്തായുള്ള റെയില്‍വേ ട്രാക്കിലാണ് സുമേഷിന്റെ മൃതദേഹം കണ്ടത്. പരശുറാം എക്‌സ്പ്രസ് തട്ടിയാണ് സുമേഷ് മരണപ്പെട്ടത്. മരണവിവരം അറിഞ്ഞതോടെ നാട്ടുകാര്‍ മക്കളെ അന്വേഷിച്ച് വീട്ടിലേക്ക് പോവുകയായിരുന്നു. ഏറെനേരം വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ പരിശോധിപ്പോഴാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടത്.

സുമേഷിന്റെ ഭാര്യ രണ്ടുവർഷം മുമ്പ് കോവിഡ് ബാധിച്ച് മരണപ്പെട്ടതാണ്. ഇതിന്റെ മനോവിഷമത്തിലായിരുന്നു കുടുംബം. കുട്ടികളുടെ മൃതദേഹത്തിന് അരികിലായി ഭാര്യയുടെ ഫോട്ടോയും ഒപ്പം ഭാര്യയുടെ അടുത്ത് പോവുകയാണ് എന്ന കുറിപ്പും എഴുതിവെച്ചിരുന്നു.

പയ്യോളി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

അച്ഛന്‍: പരേതനായ കരുണാകരന്‍. അമ്മ: പത്മിനി. ഭാര്യ: സ്വപ്ന. സഹോദരങ്ങള്‍: സുഭാഷ്, സന്തോഷ്, സുജീഷ്, സുബിജ.