അണിനിരന്നത് ആയിരങ്ങൾ; പയ്യോളിയെ ആവേശത്തിലാഴ്ത്തി ‘യൂത്ത് വിത്ത് ടീച്ചർ’ യുവജന റാലി


പയ്യോളി: വടകര പാർലമെൻറ്‌ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ശൈലജ ടീച്ചറെ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് എൽ.ഡി.വൈ.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന റാലി ആവേശമായി. കീഴൂർ മുതൽ പയ്യോളി വരെ സംഘടിപ്പിച്ച ഇടത് പക്ഷയുവജനപ്രസ്ഥാനങ്ങളുടെ സംയുക്ത റാലി എല്‍ഡിഎഫിന്റെ കരുത്ത് വിളിച്ചോതുന്നതായി.

പയ്യോളി ബസ്റ്റാന്റിൽ നടന്ന സമാപന സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അർജ്ജുൻ അധ്യക്ഷത വഹിച്ചു. കരിവള്ളൂർ മുരളി മുഖ്യാതിഥിയായി.

വിവിധ ഇടത് പക്ഷയുവജനപ്രസ്ഥാനങ്ങളുടെ നേതാക്കളായ എൽ.ജി ലിജീഷ്, ബി.പി. ബബീഷ്, അർജ്ജുൻ, നിവിൻ കാന്ത്, സിറാജ്, ശ്രീജിത്ത്, രബീഷ്, ചൈത്ര വിജയൻ, അനൂപ് പി, എൻ ബിജീഷ് എന്നിവർ സംസാരിച്ചു.

മണ്ഡലത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള യുവതി യുവാക്കൾ റാലിയിൽ അണിനിരന്നു. ശെെലജ ടീച്ചറുടെ ഫോട്ടോപതിച്ച ഫ്ലക്സ് ബോർഡുകളും കൊടി തോരണങ്ങളും കയ്യിലേന്തി മുദ്രാവാക്യം വിളികളോടെ ആയിരങ്ങളാണ് റാലിയിൽ അണിനിരന്നത്.