ദേശീയപാതയില്‍ അയനിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം; വടകര സ്വദേശികളായ മൂന്നുപേര്‍ക്ക പരിക്ക്


പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം 5.10ഓടെയായിരുന്നു സംഭവം. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

വടകര ആവിക്കല്‍ സ്വദേശികളായ കരുണാകരന്‍ (64), സനില (38), സനൂപ് (29) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതേ സ്ഥലത്ത് നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. 24ാം മൈല്‍സില്‍ എം.എല്‍.പി സ്‌കൂളിന് സമീപത്തെ സര്‍വ്വീസ് റോഡിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിലാണ് അപകടം നടന്നത്.

അമിതവേഗത്തില്‍ വന്ന കാര്‍ ഇറക്കത്തില്‍ മുമ്പിലുണ്ടായിരുന്ന കാറിന് ശക്തിയായി ഇടിക്കുകയും ഈ കാര്‍ തലകീഴായി മറിഞ്ഞ് മുമ്പിലുണ്ടായിരുന്ന മൂന്നാമത്തെ കാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആദ്യമിടിച്ച കാര്‍ നിര്‍ത്താതെ ഓടിച്ചുപോയി. ഈ കാറിന്റെ മുമ്പിലെ ബംപര്‍ നമ്പര്‍ പ്ലേറ്റ് സഹിതം റോഡരികില്‍ തെറിച്ചുവീണിട്ടുണ്ട്. തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്.