അരമണിക്കൂറിനുള്ളില്‍ മുക്കത്ത് രണ്ട് വാഹനാപകടങ്ങള്‍: അഞ്ച് പേര്‍ക്ക് പരിക്ക്, പരിക്കേറ്റവരില്‍ താമരശ്ശേരി സ്വദേശികളും


മുക്കം: മുക്കത്ത് രണ്ട് വാഹനാപകടങ്ങളിലായി അഞ്ചുപേര്‍ക്ക് പരിക്ക്. രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് അപകടങ്ങള്‍ നടന്നത്. മുക്കം അഭിലാഷ് ജങ്ഷനിലും പൊലീസ് സ്റ്റേഷന് മുമ്പിലുമാണ് അപകടങ്ങള്‍ നടന്നത്.

മുക്കം പൊലീസ് സ്റ്റേഷന് മുമ്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടം. രാത്രി 10.55 ഓടുകൂടിയാണ് അപകടം നടന്നത്. മൂന്നുപേര്‍ക്ക് പരിക്കേറ്റതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മുക്കം പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.

അഭിലാഷ് ജങ്ഷനില്‍ നടന്ന അപകടത്തില്‍ ടൂറിസ്റ്റ് ബസും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 10.30ഓടുകൂടിയായിരുന്നു സംഭവം. സ്‌കൂട്ടര്‍ യാത്രക്കാരായ യുവതിയ്ക്കും യുവാവിനുമാണ് പരിക്കേറ്റത്. ഇവര്‍ താമരശ്ശേരി സ്വദേശികളാണ്. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്.