അഞ്ച് കുളങ്ങളുടെ നവീകരണം പുരോഗമിക്കുന്നു; കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കാന്‍ സമഗ്ര പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ


കൊയിലാണ്ടി: കുളങ്ങളും ജലാശയങ്ങളും, നീര്‍ച്ചാലുകളും സംരക്ഷിക്കുന്നതിനുള്ള വിവിധ പദ്ധതികളുമായി കൊയിലാണ്ടി നഗരസഭ. നഗരസഭയ്ക്ക് വിട്ടു കിട്ടിയിട്ടുള്ള അഞ്ചു കുളങ്ങളുടെ നവീകരണ നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൊല്ലത്തെ നാണംചിറ, പന്തലായനിയിലെ നമ്പിവീട്ടില്‍ കുളം, അണേലയിലെ ചെട്ടിയാട്ടില്‍ കുളം, കോമത്തു കരയിലെ തച്ചംവള്ളിക്കുളം ഒറ്റക്കണ്ടത്തെ വടക്കുമ്പാട്ട് ഇല്ലംകുളം എന്നിവ ഒരു കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്.

കൊല്ലത്ത് താന്നിക്കുളം ഉള്‍പ്പെടെ സ്വകാര്യ വ്യക്തികളുടെ കുളങ്ങള്‍ ശുചീകരിക്കാനും നവീകരിക്കാനും ആവശ്യമായ ഇടപെടലുകള്‍ നഗരസഭ നടത്തിക്കൊണ്ടിരിക്കുകയാണ്. നഗരസഭയിലെ വിവിധ തോടുകളായ വായനാരി തോട് കൂമന്‍ തോട്, അരീക്കല്‍ തോട് എന്നിവ നവീകരിക്കുന്നതിനായി ഒരു കോടി രൂപയുടെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു.

2017 കാലത്ത് 6000 പരം മഴക്കുഴികള്‍ നിര്‍മ്മിച്ചുകൊണ്ട് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ മാതൃകയായിരുന്നു. കൂടാതെ ഓരോ വര്‍ഷവും ജലസംരക്ഷണ സന്ദേശം ഉയര്‍ത്തിക്കൊണ്ട് ജലസാക്ഷരതയും ജലസഭകളും സംഘടിപ്പിച്ചു. ജലസംരക്ഷണത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭ നടത്തിക്കൊണ്ടിരിക്കുകയാണ്. രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 40 ലക്ഷം രൂപ ചെലവില്‍ ടാങ്കറില്‍ കുടിവെള്ള വിതരണം നടത്തികൊണ്ടിരിക്കുന്നു. നഗരത്തില്‍ എത്തുന്നവര്‍ക്ക് ശുദ്ധ ശുദ്ധജലം വിതരണം ചെയ്യുന്നതിനായി ബസ്റ്റാന്‍ഡില്‍ പ്രത്യേക കുടിവെള്ള കിയോസ്‌കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സ്വകാര്യ വ്യക്തികളുടെ കുളങ്ങള്‍ ഏറ്റെടുക്കുന്നതിനും നവീകരിക്കുന്നതിനും തൊഴിലുറപ്പ്, ഹരിത കര്‍മ്മസേന, റസിസന്‍സ് അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ ജനകീയമായി പദ്ധതികള്‍ തയ്യാറാക്കുമെന്ന് ചെയര്‍ പേഴ്‌സന്‍ കെ.പി.സുധയും വൈസ് ചെയര്‍മാന്‍ അഡ്വ.കെ.സത്യനും അറിയിച്ചു.