ഇറാനിയന്‍ ബോട്ടില്‍ നിന്നും കൊയിലാണ്ടിയില്‍ പിടിയിലായത് തമിഴ്‌നാട് സ്വദേശികള്‍; വിദേശത്തെത്തിയത് ഒന്നരവര്‍ഷം മുമ്പ്, നേരിട്ടത് ക്രൂരപീഡനം



കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇറാനിയന്‍ ബോട്ടില്‍ നിന്നും പിടിയിലായ മത്സ്യത്തൊഴിലാളികള്‍ തമിഴ്‌നാട് സ്വദേശികള്‍. തൊഴിലുടമയുടെ പീഡനത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നും ബോട്ടെടുത്ത് രക്ഷപ്പെട്ടവരാണ് കൊയിലാണ്ടിയിലെത്തിയത്. രാമനാഥപുരം സ്വദേശികളായ നിത്യ തയാലന്‍, മുനീശ്വരന്‍, കവിസ് കുമാര്‍, കെ.അരുണ്‍ തയാലന്‍, രാജേന്ദ്രന്‍, കന്യാകുമാരി സ്വദേശി മരിയ ഡൈനില്‍ എന്നിവരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.

ഏപ്രില്‍ 24നാണ് ഇറാനിലെ കിഷ് തുറമുഖത്ത് നിന്നും തമിഴ്‌നാട് സ്വദേശികള്‍ ബോട്ടുമായി പുറപ്പെട്ടത്. യാത്രയ്ക്കിടെ ഇന്ധനം തീര്‍ന്നതോടെ ശനിയാഴ്ച വൈകുന്നേരം നാലിന് കൊയിലാണ്ടി തീരത്ത് നിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് കുടങ്ങി. മുമ്പോട്ട് നീങ്ങാനാകാതെ ബോട്ട് കടലില്‍ ഒഴുകി നടക്കുകയായിരുന്നു. മൊബൈല്‍ ഫോണില്‍ റേഞ്ച് കിട്ടിത്തുടങ്ങിയതോടെ തൊഴിലാളികള്‍ തമിഴ്‌നാട് ഫിഷര്‍മെന്‍ അസോസിയേഷന്‍ ഭാരവാഹികളെ ബന്ധപ്പെട്ടു. ഇവര്‍ തമിഴ്‌നാട് സര്‍ക്കാറിനെയും കോസ്റ്റ് ഗാര്‍ഡിനെയും ഫിഷറീസ് എന്നിവിടങ്ങളിലും വിവരം എത്തിക്കുകയായിരുന്നു.

തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലിലാണ് ബോട്ടും തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തത്. കോസ്റ്റ് ഗാര്‍ഡ് എത്തി രേഖകള്‍ പരിശോധിച്ചശേഷം വൈകിട്ടോടെ ആറുപേരെയും കൊച്ചിയിലേക്ക് കൊണ്ടുപോയി. ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കിയശേഷം മറൈന്‍ പൊലീസിന് ഇവരെ കൈമാറും. ഈ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഇവരെ നാട്ടിലേക്ക് വിടുന്നതടക്കമുള്ള തുടര്‍ നടപടി.

കഴിഞ്ഞ മാര്‍ച്ചിലാണ് ഇറാനില്‍ മത്സ്യബന്ധന ബോട്ടില്‍ ഇവര്‍ ജോലിയാരംഭിച്ചത്. ഇത്രയും നാള്‍ ജോലി ചെയ്തിട്ടും ഇവര്‍ ശമ്പളമോ മീന്‍ പിടിക്കുന്നതിന് കരാര്‍ പ്രകാരമുള്ള വിഹിതമോ ഉടമ നല്‍കിയില്ല. മാത്രമല്ല തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും വിശ്രമവും നിഷേധിക്കപ്പെട്ടു. അവധിയും നല്‍കിയില്ല. ശമ്പളം ചോദിക്കുമ്പോള്‍ മര്‍ദനം തുടങ്ങിയതോടെയാണ് തൊഴിലാളികള്‍ പ്രാണരക്ഷാര്‍ത്ഥം ബോട്ടുമായി നാട്ടിലേക്ക് പുറപ്പെട്ടത്.