ആനവാതിലിലെ മോഷണം: പ്രതികളെ പോളി ക്ലിനിക്കിലെത്തിച്ച് തെളിവെടുത്തു; തെളിവെടുപ്പിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്
ഉള്ളിയേരി: ആനവാതിലിലെ പോളി ക്ലിനിക്കില്‍ മോഷണം നടത്തിയ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീ കെയര്‍ പോളി ക്ലിനിക്കില്‍ രണ്ട് പ്രതികളെയും എത്തിച്ചാണ് അത്തോളി പൊലീസ് തെളിവെടുത്തത്. മലപ്പുറം ചെട്ടിപ്പടി പടിഞ്ഞാറേ കുളപ്പുരയ്ക്കല് വീട്ടില്‍ കിഷോര്‍ (20), തേഞ്ഞിപ്പാലം ചേളാരി അബ്ദുള്‍ മാലിക്ക് (20) എന്നിവരുമായാണ് പൊലീസ് തെളിവെടുപ്പിന് എത്തിയത്. തെളിവെടുപ്പിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഇവര്‍ ആനവാതിലിലെ വീ കെയര്‍ പോളി ക്ലിനിക്കില്‍ മോഷണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടുപേരും മഴക്കോട്ടും ഹെല്‍മറ്റും ധരിച്ചിരുന്നു. ക്ലിനിക്കിന്റെ പൂട്ട് തകര്‍ത്താണ് ഇവര്‍ അകത്ത് കയറിയത്. മേശവലിപ്പില്‍ സൂക്ഷിച്ച 25,000 ത്തോളം രൂപ ഇവര്‍ മോഷ്ടിച്ചു. വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതിയാണ് പിടിയിലായ കിഷോര്‍.
മുഖം വ്യക്തമാകാതിരിക്കാന്‍ ഹെല്‍മറ്റിനൊപ്പം മാസ്കും ധരിച്ചാണ് മോഷ്ടാക്കള്‍ എത്തിയത്. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. സി.പി.ഒ രജീഷ്, എ.സി.പി.ഒമാരായ കെ.ഷിനില്‍, പി.ടി.രതീഷ്, കെ.എം.അനീസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
നൂറ്റി അന്‍പതോളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാണ് അത്തോളി പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. മുഖം ഉള്‍പ്പെടെ മറച്ചാണ് മോഷണം നടത്തിയത് എന്നതിനാല്‍ പ്രതികളെ തിരിച്ചറിയാന്‍ പൊലീസ് ഏറെ ബുദ്ധിമുട്ടി. മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് അതേ ശരീരഭാഷയുള്ള മറ്റ് ജില്ലകളിലെ പ്രതികളുടെ ശരീരഭാഷയുമായി ഒത്ത് നോക്കുകയായിരുന്നു. കണ്ണിന്റെ പുരികം ഉള്‍പ്പെടെ സൂക്ഷ്മമായി പരിശോധിച്ചാണ് യഥാര്‍ത്ഥ പ്രതികളിലേക്ക് പൊലീസ് എത്തിയത്.