കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കസ്റ്റംസിനെ വെട്ടിച്ച് 67 ലക്ഷത്തിന്റെ സ്വര്‍ണ്ണം പുറത്തെത്തിച്ചു, കാത്തിരുന്നത് കവര്‍ച്ചാ സംഘം; ഒടുവില്‍ എല്ലാവരെയും പിടികൂടി പൊലീസ്


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെയും ഈ സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ ഏഴംഗ കവര്‍ച്ചാ സംഘത്തെയും പൊലീസ് പിടികൂടി. മലപ്പുറം കൊടിഞ്ഞി സ്വദേശി മുസ്തഫയാണ് സ്വര്‍ണ്ണം കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ചത്. ഇയാളുടെ കയ്യില്‍ നിന്ന് സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്വര്‍ണ്ണം തട്ടിയെടുക്കാനായി എത്തിയ കെ.വി.മുനവിര്‍ (32), നിഷാം (34), ടി.കെ.സത്താര്‍ (42), എ.കെ.റാഷിദ് (44), കെ.പി.ഇബ്രാഹിം (44), കാസര്‍കോട് സ്വദേശികളായ എം.റഷീദ് (34), സി.എച്ച്.സാജിദ് (36) എന്നിവരാണ് അറസ്റ്റിലായത്.

കസ്റ്റംസിനെ വെട്ടിച്ച് അതിവിദഗ്ധമായി മുസ്തഫ സ്വര്‍ണ്ണം വിമാനത്താവളത്തിന് പുറത്തെത്തിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പരിസരത്ത് ശക്തമായ പൊലീസ് നിരീക്ഷണം ഉണ്ടായിരുന്നു.

സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ സംഘത്തിലെ റഷീദിനെയാണ് പൊലീസ് ആദ്യം പിടികൂടിയത്. പിന്നീടാണ് വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടന്ന മുസ്തഫയെ പിടിച്ചത്. ഇയാളില്‍ നിന്ന് 67 ലക്ഷം രൂപ വിലമതിക്കുന്ന 1.157 കിലോഗ്രാം സ്വര്‍ണ്ണം പൊലീസ് കണ്ടെടുത്തു.

റഷീദിനെയും മുസ്തഫയെയും പിടികൂടിയ വിവരം അറിഞ്ഞ ബാക്കിയുള്ളവര്‍ രക്ഷപ്പെട്ടു. ഇവര്‍ക്ക് പിന്നാലെ രണ്ട് സംഘമായി പിന്തുടര്‍ന്ന പൊലീസ് വയനാട് സ്വദേശികളെ വൈത്തിരിയില്‍ നിന്നും കാസര്‍കോട് സ്വദേശിയെ കാഞ്ഞങ്ങാട് നിന്നുമാണ് പിടിച്ചത്.

സ്വര്‍ണവുമായി എത്തുന്ന മുസ്തഫയുടെ വിവരം റഷീദിനു ചോര്‍ത്തിയവരെക്കുറിച്ചു വിവരം ലഭിച്ചതായി പൊലീസ്. അറിയിച്ചു. നിലവില്‍ ദുബായില്‍ ജോലി ചെയ്യുന്ന കോഴിക്കോട്, കാഞ്ഞങ്ങാട് സ്വദേശികളാണ് മുസ്തഫയുടെ വിവരങ്ങള്‍ റഷീദിനു കൈമാറിയതെന്നും കുടുംബസമേതം വാഹനത്തില്‍ കൊടിഞ്ഞിയിലെ വീട്ടിലേക്കു പോകുമ്പോള്‍ മുസ്തഫയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണം തട്ടി യെടുക്കാനായിരുന്നു പദ്ധതിയെന്നും പൊലീസ് പറഞ്ഞു. റഷീദിനെ സഹായിക്കാനായി സംഘത്തെ നിയോഗിച്ചതും ദുബായിലുള്ളവരാണ് എന്നാണ് വിവരം.