ഉറക്കത്തിനിടെ ഹൃദയാഘാതം: ചീക്കിലോട് സ്വദേശി സലാലയില്‍ അന്തരിച്ചു


സലാല: നന്മണ്ട ചീക്കിലോട് സ്വദേശി ഒമാനില്‍ അന്തരിച്ചു. കിഴക്കേലത്തോട്ട് അബ്ദുള്‍ ജമാല്‍ ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസായിരുന്നു. ഉറക്കത്തിനിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഞായറാഴ്ച രാത്രി സലാല സെന്ററിലെ താമസസ്ഥലത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു അബ്ദുള്‍ ജമാല്‍. പിറ്റേന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

വിവിധ ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന അബ്ദുള്‍ ജമാല്‍ അഞ്ച് മാസം മുമ്പാണ് ഒമാനിലെത്തിയത്. മറ്റൊരാളുമായി ചേര്‍ന്ന് അല്‍ മഷൂറിന് സമീപം ഹോട്ടല്‍ തുറങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ: ഷൈമ.

മക്കള്‍: ബാദുഷ, ഷബീഹ ഫാത്തിമ.

മൃതദേഹം സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐ.സി.എഫ് ഭാരവാഹികള്‍ അറിയിച്ചു.