മൂടാടി പഞ്ചായത്തിൽ എലിപ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം, ജനങ്ങൾക്കുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ ഇവ
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ എലിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യം, മൃഗസംരക്ഷണം, കൃഷിവകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.
എലിപ്പനിക്കെതിരെ പഞ്ചായത്തിൽ വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി വാർഡുകളിൽ ആശാ വർക്കർമാരുടെ നേത്യത്വത്തിൽ ഫീവർ സർവേ തുടങ്ങി. രോഗലക്ഷണമുള്ളവർ മൂടാടി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു.
ചതുപ്പു നിലങ്ങളിൽ ഇടപഴകുന്നവർ പ്രതിരോധ മരുന്ന് നിർബ്ബന്ധമായും കഴിക്കണം. ശരീരത്തിൽ മുറിവോ മറ്റോ ഉള്ളവർ മലിനജല സംമ്പർക്കം ഒഴിവാക്കണം. എലിനശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജെ.എച്ച്. ഐ സത്യൻ, ലൈവ് സ്റ്റോക് ഇൻസ്പക്ടർ ഷബീർ, കൃഷി അസിസ്റ്റൻ്റ് വിജില എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.ഗിരീഷ് സ്വാഗതം പറഞ്ഞു.