കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം, വിശദാംശങ്ങൾ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/04/2023)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അഡ്മിഷൻ ആരംഭിച്ചു

അസാപ് കേരളയുടെ ഫിറ്റ്നസ് ട്രെയിനർ ലെവൽ 4 കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഗവ. കോളേജ് ഓഫ് ഫിസിക്കൽ എജ്യൂക്കേഷനിലാണ് കോഴ്സ് നടത്തുന്നത്. 150 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 13100/- രൂപയാണ് ഫീസ്. യോഗ്യത : പ്ലസ് ടു. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഫിറ്റ്നസ് ട്രൈനർ, ജിം ട്രൈനർ എന്നി മേഖലകളിൽ ജോലി ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 8606087207/9495999783

അപേക്ഷ ക്ഷണിച്ചു

വടകര താലൂക്കിലെ ശ്രീ മണിയൂർ വാപ്രത്ത് കഴകം പരദേവതാക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 29ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം പ്രസ്തുത ഓഫീസിൽ നിന്നും മലബാർ ദേവസ്വം ബോർഡിന്റെ www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0490-2321818.

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ എഞ്ചിനീയറിങ് കോളേജ് ലേഡീസ് ഹോസ്റ്റലിലേക് ഫ്യൂവൽ ഫ്രീ ഇൻസിനേറ്റർ വിതരണം ചെയ്യുന്നതിന് കമ്പനികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച ക്വട്ടേഷനുകൾ ” കൊട്ടേഷൻ നമ്പർ 1/23-24 ലേഡീസ് ഹോസ്റ്റലിലേക്ക് ഫ്യൂവൽ ഫ്രീ ഇൻസിനേറ്റർ വിതരണം ചെയ്യൽ ” എന്ന് കവറിൽ രേഖപ്പെടുത്തി, പ്രിൻസിപ്പൽ, ഗവ. എഞ്ചിനീയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ് ഹിൽ പി ഒ-673005, എന്ന വിലാസത്തിൽ അയക്കണം. ഏപ്രിൽ 25 ന് ഉച്ചക്ക് 2 മണിവരെ ക്വട്ടേഷനുകൾ സ്വീകരിക്കും. അന്നേദിവസം ഉച്ചക്ക് ശേഷം 3 മണിക്ക് ക്വട്ടേഷനുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് : 04952383220 / www.geckkd.ac.in

ടെണ്ടർ ക്ഷണിച്ചു

2023-24 സാമ്പത്തിക വർഷം വനിതാ ശിശു വികസന വകുപ്പ് കോഴിക്കോട് റൂറൽ കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിലേക്കായി മത്സരാധിഷ്ഠിത ടെണ്ടറുകൾ ക്ഷണിച്ചു. നിലവിലെ സ്റ്റോർ പർച്ചേസ് മാനുവലിലെ നിയമങ്ങൾ, വാഹനം വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട് വനിത ശിശു വികസന വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ഉത്തരവുകളും സർക്കുലറുകളും ഈ ടെണ്ടറിന് ബാധകമായിരിക്കുന്നതാണ്. 240,000 രൂപയാണ് അടങ്കൽ തുക. ടെണ്ടർ ഫോറത്തിന്റെ വില 500 രൂപ+12 % ജി എസ് ടി . ഇ.എം.ഡി 2400/-രൂപ. ടെണ്ടർ ഫോറം മെയ് 4 ന് 12.30 വരെ ലഭിക്കും. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 5 രാവിലെ 12.30 വരെ. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ടെണ്ടർ തുറക്കും. ടെണ്ടറുകൾ ഒട്ടിച്ച / സീൽ ചെയ്ത കവറിൽ സമർപ്പിക്കണം. കവറിന് പുറത്ത് ‘വാഹനം വാടകയ്ക്ക് എടുക്കുന്നതിനുള്ള ടെണ്ടർ’ എന്ന് രേഖപ്പെടുത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2966305

എൻട്രികൾ ക്ഷണിച്ചു

കിലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. കേരളത്തിലെ തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പത്രങ്ങൾ, വാരികകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള മികച്ച ലേഖനങ്ങൾക്കാണ് അവാർഡ് നൽകുന്നത്. എൻട്രികൾ ലേഖകന്റെ വിശദവിവരങ്ങൾ സഹിതം ഏപ്രിൽ 17ന് വൈകുന്നേരം 4 മണിക്ക് മുമ്പായി “എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻറ് (കിലെ), തൊഴിൽ ഭവൻ, വികാസ് ഭവൻ പി ഒ, തിരുവനന്തപുരം-33 എന്ന മേൽവിലാസത്തിലോ [email protected] എന്ന മെയിലിലോ , കിലെയുടെ ഓഫീസിൽ നേരിട്ടോ ലഭ്യമാക്കണം.
മികച്ച ലേഖനത്തിന് 25000 രൂപ ക്യാഷ് അവാർഡും ഫലകവും പ്രശസ്തിപത്രവും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2309012 , 2307742 , 2308947.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലാബ് അസിസ്റ്റന്റ് തസ്തികയുടെ ( കാറ്റഗറി നമ്പർ : 419 / 17) 11.02.2020 തീയതിയിൽ നിലവിൽ വന്ന 73/2020/DOD നമ്പർ റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതിനാൽ,11.02.2023 ന് പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.

ഇൻറർവ്യൂ നടത്തുന്നു

കൊയിലാണ്ടി ഗവ ഐ ടി ഐയിൽ മെക്കാനിക്ക് ഡീസല്‍ (എം ഡി), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം മെയിന്‍റനന്‍സ് (ഐ സി ടി എസ് എം) എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായുള്ള ഇൻറർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവർത്തി പരിചയം, അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയം /ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉള്ളവരായിരിക്കണം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളുമായി ഏപ്രിൽ 19ന് രാവിലെ 11.00 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04962631129, 9387048709.

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ്‌ 12മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ വച്ച് നടത്തപ്പെടുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള “ഉദ്യം” രജിസ്ട്രേഷനുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ നടത്തുന്ന സംരംഭകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ഏപ്രിൽ ഇരുപതിനുള്ളിൽ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2765770/2766563

ഇൻറർവ്യൂ

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. അനസ്തേഷ്യോളജിസ്റ്റ് (യോഗ്യത: അനസ്തേഷ്യോളജിയിൽ എംഡി/ഡി.എൻ.ബി ഒരു വർഷത്തെ പ്രവർത്തിപരിചയത്തോടുകൂടിയ ഡിപ്ലോമ ഇൻ അനസ്തേഷ്യ). പ്രതിമാസ വരുമാനം: 100000 രൂപ. ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റ് (യോഗ്യത : എം എസ് സി ഫിസിക്സ്/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് , എം എസ് സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ് , എ ഇ ആർ ബി നടത്തുന്ന ആർ എസ് ഒ സർട്ടിഫിക്കേഷൻ പരീക്ഷ പാസായവർ ആയിരിക്കണം. മൂന്ന് വർഷത്തെ ക്ലിനിക്കൽ പ്രവർത്തിപരിചയം അഭികാമ്യം) പ്രതിമാസ വേതനം: 50000 രൂപ. ഏപ്രിൽ 24ന് രാവിലെ 11 മണിക്ക് ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റിന്റെയും , ഉച്ചക്ക് 12 മണിക്ക് അനസ്തേഷ്യോളജിസ്റ്റിന്റെയും ഇൻറർവ്യൂ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2355900

പുനർലേല പരസ്യം

കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും റൂറൽ ജില്ല സായുധസേനാ വിഭാഗം അസിസ്റ്റന്റ് കമാൻഡറിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ ഡിപ്പാർട്ട്മെന്റ് വാഹനം (2008 മോഡൽ ഫോഴ്സ് ട്രാവലർ ) MSTC Ltd ന്റെ ഓൺലൈൻ വെബ്സൈറ്റായ www.mstcecommerce.com മുഖേന ഏപ്രിൽ 18 ന് രാവിലെ 11:00 മണി മുതൽ ഓൺലൈൻ വഴി പുനർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പ്രസ്തുത വെബ്സൈറ്റിൽ MSTC Ltd ന്റെ നിബന്ധനകൾക്ക്‌ വിധേയമായി BUYER ആയി രജിസ്റ്റർ ചെയ്ത് ലേലത്തിന് പങ്കെടുക്കാവുന്നതാണ്. ഏപ്രിൽ 17 നു രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് കോഴിക്കോട് റൂറൽ എ ആർ ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ വാഹനം പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ 9846271323.

പി എസ്‌ സി അറിയിപ്പ്

കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ Health Inspector Gr II (SR for ST only) തസ്തികയുടെ (കാറ്റഗറി നമ്പർ 310/2018) 14.01.2020 തിയ്യതിയിൽ നിലവിൽ വന്ന 21/2020/SS II നമ്പർ റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 13.01.2023 നു അർദ്ധരാത്രി പൂർത്തിയായതിനാൽ ടി റാങ്ക് പട്ടിക 14.01.2023 പൂർവ്വാഹ്നം പ്രാബല്യത്തിൽ റദ്ദാക്കിയതായി പി എസ്‌ സി ജില്ലാ ഓഫീസർ അറിയിച്ചു.

എന്റെ കേരളം പ്രദര്‍ശന വിപണന മേള: ജില്ലയിലെ കലാകാരന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള ജില്ലയിലെ കലാകാരന്‍മാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ, അവതരിപ്പിക്കാനുദ്ദേശിക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങള്‍, സ്‌ക്രിപ്റ്റ്/ വീഡിയോ, നേരത്തേ അവതരിപ്പിച്ച പരിപാടികളുടെ വീഡിയോ തുടങ്ങിയവ ഉള്‍പ്പെടെ അപേക്ഷയോടൊപ്പം വെക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഏപ്രിൽ 18 വൈകുന്നേരം അഞ്ച് മണി. അപേക്ഷകൾ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. [email protected] എന്ന ഇ മെയിൽ വിലാസത്തിലും അപേക്ഷകൾ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2370225.

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 2023 മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം 4 അടി ഉയരത്തിലും 3 അടി വീതിയിലുമുള്ള പ്രകൃതി സൗഹൃദ മെറ്റീരിയലില്‍ നിര്‍മ്മിച്ച ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ നിയമസഭാ മണ്ഡലങ്ങളിലും പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് ഈ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ 20 വൈകുന്നേരം മൂന്ന് മണി. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും.
ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370225.

എന്റെ കേരളം പ്രദര്‍ശന വിപണന മേള: റീല്‍സ് മത്സരം നടത്തുന്നു

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങള്‍ക്കും ഇൻസ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. ജില്ലയില്‍ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നതാണ് വിഷയം. 30 സെക്കന്റ് ദൈര്‍ഘ്യമുള്ള റീല്‍സ് തയ്യാറാക്കി സ്വന്തം ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അപ്ലോഡ് ചെയ്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ kozhikode.district.information എന്ന ഇൻസ്റ്റഗ്രാം പേജിലേക്ക് ടാഗ് ചെയ്യുകയാണ് വേണ്ടത്. അവസാന തിയ്യതി ഏപ്രിൽ 20 വൈകുന്നേരം അഞ്ച് മണി. ഏറ്റവുമധികം ലൈക്കും ഷെയറും ലഭിക്കുന്ന റീലുകള്‍ക്ക് സമ്മാനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370225.

ഷോർട്ട് വീഡിയോ മത്സരം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും കോളേജ് വിദ്യാർത്ഥികൾക്കും ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയില്‍ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നതാണ് വിഷയം. സൃഷ്ടികൾ രണ്ട് മുതൽ അഞ്ച് മിനുട്ട് വരെ ദൈർഘ്യമുള്ളതാവണം. തെരഞ്ഞെടുക്കപ്പെടുന്ന വിഡിയോകൾ മേള നടക്കുന്ന വേദിയിലും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സാമൂഹ്യ മാധ്യമ പേജുകളിലും പ്രദർശിപ്പിക്കും. എച്ച്.ഡി മികവിൽ എം.പി 4 ഫോർമാറ്റിലുള്ള വിഡിയോകൾ ഡി.വി.ഡി/പെൻഡ്രൈവിലാക്കി ‘ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് – 673020’ എന്ന വിലാസത്തിൽ ഏപ്രിൽ മുപ്പതിന് മുൻപായി ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370225.

ക്വട്ടേഷനുകള്‍ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 2023 മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം പ്രകൃതി സൗഹൃദ മെറ്റീരിയലില്‍ നിര്‍മ്മിച്ച ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ നിയമസഭാ മണ്ഡലങ്ങളിലും പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് ഈ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. 8×6,10×12 വലിപ്പത്തിലുളള ബോർഡുകളാണ് സ്ഥാപിക്കേണ്ടത്. രണ്ട് തരം വലിപ്പത്തിലുമുളള ഒരു ബോര്‍ഡിന്റെ നിരക്ക് രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ 20 വൈകുന്നേരം മൂന്ന് മണി. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370225.

ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണം ചെയ്തു

ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണം നടത്തി. കോഴിക്കോട് ഐഎംഎ ഹാളിൽ നടന്ന പരിപാടി കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലെത്തിച്ചേരാൻ ശുദ്ധജലവും ശുദ്ധവായുവും ആരോഗ്യകരമായ ഭക്ഷണരീതിയും എല്ലാവർക്കും പ്രാപ്യമാകണമെന്നും ഇതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തു ചേരണമെന്നും മേയർ പറഞ്ഞു. ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിൽ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിനർഹരായ സ്ഥാപനങ്ങൾ നടത്തിയതെന്നും മേയർ പറഞ്ഞു.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ.പി ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. ‘എല്ലാവർക്കും ആരോഗ്യം’ എന്ന ദിനാചരണ വിഷയത്തിൽ ബാലുശ്ശേരി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സുരേശൻ കെ കെ ക്ലാസെടുത്തു. ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ നവീൻ എ, നവകേരളം കർമ്മ പദ്ധതി നോഡൽ ഓഫീസർ ഡോ. ഷാജി സി.കെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ചെയർമാൻ ഡോ. അനീൻ കുട്ടി, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ മുഹമ്മദ് മുസ്‌തഫ, ഡെപ്യൂട്ടി എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഷാലിമ ടി, ആരോഗ്യകേരളം കൺസൾട്ടന്റ് ദിവ്യ സി എന്നിവർ സംസാരിച്ചു.

ക്വട്ടേഷനുകൾ ക്ഷണിച്ചു

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പോസ്റ്ററുകൾ ലെറ്റർ ഹെഡുകൾ തുടങ്ങിയവ തയ്യാറാക്കുന്നതിന് ഈ മേഖലയിൽ അഞ്ചുവർഷമെങ്കിലും പ്രവർത്തിപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു . സ്പെസിഫിക്കേഷനുകൾ ഇനി പറയുന്നു.

1. ഡബിൾ ഡമ്മി പോസ്റ്റർ
വലിപ്പം : (57 സെ മി വീതി 88 സെ മി നീളം,)
120 gsm ആർട്ട് പേപ്പർ, 5000 കോപ്പികൾ, മൾട്ടി കളർ)

2. വലുപ്പം (44 സെ മി വീതി 58 സെ മി നീളം,)
100 gsm ആർട്ട് പേപ്പർ, 5000 കോപ്പികൾ, മൾട്ടി കളർ)

3. ലെറ്റർ ഹെഡ് ( A4 സൈസ്, 100 gsm, ബോണ്ട് പേപ്പർ, 500 കോപ്പികൾ, മൾട്ടി കളർ )

ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് 673020 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയ്യതി : ഏപ്രിൽ 18 വൈകുന്നേരം അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2370225

മൂടാടിയിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

മൂടാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. ആരോഗ്യം, മൃഗസംരക്ഷണം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്.

മൂടാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു യോഗം ചേർന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുകളിൽ ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫീവർ സർവ്വേ തുടങ്ങി. എലി നശീകരണ പ്രവർത്തനം ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

രോഗലക്ഷണമുള്ളവർ മൂടാടി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക, ചതുപ്പുനിലങ്ങളിൽ ഇടപഴകുന്നവർ പ്രതിരോധ മരുന്ന് നിർബന്ധമായി കഴിക്കുക, മുറിവോ മറ്റോ ഉള്ളവർ മലിനജല സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം ഗിരീഷ്, ജെ എച്ച് ഐ സത്യൻ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഷബീർ, കൃഷി അസിസ്റ്റന്റ് വിജില തുടങ്ങിയവർ സംസാരിച്ചു.

ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്ക് ആവശ്യമായ വിദഗ്ധ ഉപദേശം നൽകുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനുമായി ജില്ലാതല ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ഒരു മോണിറ്ററിംഗ് സംവിധാനം എന്ന നിലയിലാണ് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചത്.

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കോഴിക്കോട് ജില്ലാ കോഡിനേറ്റർ കെ. പി. മഞ്ജു ജോയിന്റ് കൺവീനറായ സമിതിയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ, അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജില്ലാ ഫിഷറീസ് ഓഫീസർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, ദാരിദ്ര്യ ലഘൂകരണ യൂണിറ്റിന്റെ പ്രോജക്ട് ഡയറക്ടർ, ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ അംഗങ്ങളാണ്.

ജില്ലാ ആസൂത്രണ സമിതി നാമനിർദേശം ചെയ്യുന്ന അഞ്ച് ജൈവവൈവിധ്യ വിഷയ വിദഗ്ധരും സ്ഥിരം ക്ഷണിതാക്കളായിട്ടുണ്ട്. കൂടാതെ ജില്ലാ ആസൂത്രണ സമിതിയുടെ സർക്കാർ നോമിനിയും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അസോസിയേഷൻ ചെയർമാൻമാരും ഫറോക്ക് മുൻസിപ്പൽ ചെയർമാനും സ്ഥിരം ക്ഷണിതാക്കളാണ്.

കമ്മിറ്റിയുടെ ആദ്യത്തെ മീറ്റിംഗ് ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ മായ. ടി. ആർ പങ്കെടുത്തു.

കുരുന്നുകൾക്കൊരു വര്‍ണ്ണകൂടാരം; തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിലെ പ്രീ പ്രൈമറി പഠനം ഇനി അന്താരാഷ്ട്ര നിലവാരത്തിൽ

കുരുന്നുകള്‍ക്ക് ഇനി കണ്ടും കേട്ടും അറിഞ്ഞും വളരാം. പ്രീ പ്രൈമറി വിദ്യാലയങ്ങളെ മനോഹരവും ആകര്‍ഷകവുമാക്കുന്ന വര്‍ണ്ണകൂടാരം പദ്ധതി തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിൽ യാഥാർത്ഥ്യമായി. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറി ഒരുക്കിയത്. തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിലെ മാതൃകാ പ്രീപ്രെെമറി വർണ്ണകൂടാരത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

കോഴിക്കോട് എസ്.എസ്.കെ മേലടി ബി.ആർ.സി മുഖേന ലഭ്യമാക്കിയ 11 ലക്ഷം രൂപ ചെലവഴിച്ചാണ് മാതൃകാ പ്രീപ്രെെമറി നിർമ്മിച്ചത്. ഹരിത ഉദ്യാനം, വിശാലമായ കളിയിടം, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ്സ് മുറികള്‍ എന്നിവയും വായനാ ഇടം, ഗണിത ഇടം, നിരീക്ഷണ ഇടം, പാവ ഇടം, വരയിടം തുടങ്ങി വിവിധ കോര്‍ണറുകളും ഒരുക്കിയിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കുകയും അവരുടെ അക്കാദമിക ഭൗതിക മാനസിക ചിന്തകള്‍ വികസിപ്പിക്കുകയും ചെയ്യുന്ന ചുമര്‍ചിത്രങ്ങള്‍, വര്‍ണ്ണക്കൂടാരത്തിന്റെ പ്രത്യേകതയാണ്.

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉറപ്പാക്കാന്‍ സമഗ്ര ശിക്ഷ കേരള നടപ്പാക്കിയ പ്രീ സ്‌കൂള്‍ ശാക്തീകരണ പദ്ധതിയാണ് വര്‍ണ്ണകൂടാരം. സംസ്ഥാനത്തെ മുഴുവന്‍ പ്രീ പ്രൈമറി ക്ലാസ്സുകളെയും അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്‌കൂളുകളില്‍ നിലവിലുളള കെട്ടിടങ്ങള്‍ നവീകരിച്ചാണ് പ്രീ പ്രൈമറി ക്ലാസ് റൂമുകള്‍ നിര്‍മ്മിക്കുന്നത്. പദ്ധതിക്കായി തിരെഞ്ഞെടുത്ത സ്‌കൂളുകളുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്.

തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിൽ ശിശു സൗഹൃദ ക്ലാസ്മുറികൾ, വിശാലമായ കളിയിടം, കുട്ടികളുടെ കലാപ്രകടനങ്ങള്‍ക്ക്
അവസരം നല്‍കുന്ന ആവിഷ്‌കാര ഇടമായ കുഞ്ഞരങ്ങ്, ചുമര്‍ചിത്രങ്ങള്‍ എന്നിവയെല്ലാമുണ്ട്. ഇന്‍ഡോര്‍ അവതരണത്തിനായി ക്ലാസ്സ്മുറിയില്‍ തന്നെ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള അവതരണയിടവും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ അവതരണം നടത്തുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. മള്‍ട്ടി പര്‍പ്പസ് ചിത്രപ്പെട്ടികള്‍ കൂട്ടിയോജിപ്പിച്ചാണ് അവതരണ തലം ഒരുക്കിയത്. സ്കൂളിന്റെ മാറ്റം കുട്ടികളെ ആകർഷിക്കുന്ന തരത്തിലാണെന്നും കൂടുതൽ പേർ സ്കൂളിലേക്ക് എത്തുന്നതിന് സഹായകമാണെന്നും അധ്യാപകർ പറഞ്ഞു.

ബേപ്പൂർ തുറമുഖ വികസനം വേഗത്തിലാക്കാൻ നടപടി ആരംഭിച്ചു

സംസ്ഥാനത്തെ പ്രധാന ചെറുകിട ഇടത്തരം തുറമുഖമായ ബേപ്പൂരിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ആഴം കൂട്ടലിനും നടപടി ആരംഭിച്ചതായി തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ ഓഫീസിൽ നിന്നറിയിച്ചു. തുറമുഖത്തിൻ്റെ റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിനായി വലിയ കണ്ടെയ്നർ കപ്പലുകൾക്ക് ഉൾപ്പെടെ അനായാസം തുറമുഖത്തെത്താൻ കപ്പൽ ചാലിൻ്റെ ആഴം കൂട്ടുന്നതിനായുള്ള ടെണ്ടർ നടപടികൾ തുടങ്ങി. തുറമുഖം മുതൽ അഴിമുഖം വരെ മൂന്നു കിലോമീറ്റർ ദൈർഘ്യത്തിൽ 100 മീറ്റർ വീതിയിൽ കപ്പൽ ചാൽ 5.5 മീറ്റർ ആഴമാക്കും. വാർഫ് ബേസിനും ആഴം കൂട്ടുന്നതോടെ കൂറ്റൻ കണ്ടെയ്നറുകൾക്കും നങ്കൂരമിടാനാകും. 11. 8 കോടി രൂപ ഡ്രഡ്ജിങ്ങിന് മാത്രമായി അനുവദിച്ചിട്ടുണ്ട്. സിൽക്കിന് പാട്ടത്തിന് നൽകിയ ഭൂമി കൂടി ഉടൻ ലഭ്യമാക്കി ഈ സ്ഥലവും നേരത്തെ ബേപ്പൂർ കോവിലകത്തിൽ നിന്നും 25.25 കോടി രൂപ ചെലവിട്ട് ഏറ്റെടുത്ത 3.83 ഏക്കർ ഭൂമിയും ചേർത്ത് ചരക്ക് സംഭരണത്തിനും കയറ്റിറക്കിനുമായി വിശാലമായ ഗോഡൗൺ നിർമ്മാണമടക്കം അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും പദ്ധതിയുണ്ട്. നിശ്ചലമായ
ക്രെയ്നുകൾ യഥാസമയം കേടുപാടു തീർക്കുന്നതിനായി കേരള മാരിടൈം ബോർഡ് ഫണ്ടിൽ നിന്നും സ്ഥിരം മുൻകൂർ തുക നൽകും. മൊബൈൽ ക്രെയിൻ വാങ്ങുന്നതിനുള്ള നടപടികളും സ്വീകരിച്ചു. രണ്ട് , അഞ്ച് നമ്പർ ക്രെയ്നുകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. കാർഗോ സ്കാനിങ് മെഷീൻ ആവശ്യമെങ്കിൽ സ്ഥാപിക്കാനും മാരിടൈം ബോർഡ് നടപടി സ്വീകരിക്കുമെന്നും മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.

അറുനൂറിലധികം സ്കൂളുകളിൽ അന്താരാഷ്ട്ര നിലവാരമുള്ള പ്രീ പ്രൈമറികൾ ഒരുക്കി- മന്ത്രി മുഹമ്മദ് റിയാസ്

തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിലെ മാതൃകാ പ്രീപ്രെെമറി വർണ്ണകൂടാരം ഉദ്ഘാടനം ചെയ്തു

സംസ്ഥാനത്തെ അറുനൂറിലധികം പ്രീ പ്രൈമറി സ്കൂളുകളിൽ ഈ വർഷം അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ സ്കൂൾ പഠനാന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മപരിപാടിയുടെ ഭാഗമായി 44 കോടി രൂപ ചെലവഴിച്ച് 440 പ്രീ പ്രൈമറികളെ ഇത്തരത്തിൽ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്. അതോടൊപ്പം സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 328 പ്രീ പ്രൈമറി സ്കൂളുകൾക്ക് എസ്.എസ്.കെ മുഖേന ഒരു ലക്ഷം രൂപ വീതം അനുവദിച്ച് ശിശു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമവും നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ഏറ്റവും കൂടുതൽ നേട്ടങ്ങൾ കൈവരിച്ച വിഭാ​ഗങ്ങളിലൊന്ന് വിദ്യാഭ്യാസ മേഖലയാണെന്നും അടിസ്ഥാന സൗകര്യത്തിന്റെ കാര്യത്തിലും പഠന നിലവാരത്തിലും രാജ്യത്തിൽ തന്നെ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ശിശു കേന്ദ്രീകൃത വിദ്യാഭ്യാസമാണ് ഈ കാലഘട്ടത്തിന് അനുയോജ്യമെന്നും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ നമുക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു. തൃക്കോട്ടൂർ വെസ്റ്റ് ​ഗവ. എൽ.പി സ്കൂളിലെ മാതൃകാ പ്രീപ്രെെമറി വർണ്ണകൂടാരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോഴിക്കോട് എസ്.എസ്.കെ മേലടി ബി.ആർ.സി മുഖേന ലഭ്യമാക്കിയ 11 ലക്ഷം രൂപ ചെലവഴിച്ചാണ് മാതൃകാ പ്രീപ്രെെമറി നിർമ്മിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രീ പ്രൈമറിയിലൂടെ ശാസ്ത്രീയവും സമഗ്രവുമായിട്ടുള്ള വിദ്യാഭ്യാസം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഔട്ട് ഡോര്‍ പ്ലേ ഏരിയ, ശിശു സൗഹൃദ ഇരിപ്പിടങ്ങള്‍, വര്‍ണ്ണാഭമായ ക്ലാസ് മുറികള്‍, നിര്‍മാണ ഇടം, വായനാ ഇടം, ഗണിത ഇടം, നിരീക്ഷണ ഇടം, പാവ ഇടം, വരയിടം, അരങ്ങ്, ഭാഷായിടം, ഹരിതോദ്യാനം, കളിയിടം തുടങ്ങി 13 കോര്‍ണറുകളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയത്. ജില്ലയിൽ 79 സർക്കാർ അംഗീകൃത പ്രീപ്രൈമറികളാണുള്ളത്. അതിൽ 46 സ്കൂളുകളിലെ പ്രീപ്രെെമറികൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി 11 ലക്ഷം രൂപ വീതം അനുവദിച്ചു കഴിഞ്ഞു.

ചടങ്ങിൽ തിക്കോടി ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ഡി.പി.ഒ മനോജ് പി.പി പദ്ധതി വിശദീകരണം നടത്തി. വെെസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പ്രനില സത്യൻ, ആർ വിശ്വൻ, കെ.പി ഷെക്കീല, മേലടി ബ്ലോക്ക് പഞ്ചായത്തം​ഗം വി.പി റംല, ഗ്രാമപഞ്ചായത്തം​ഗങ്ങൾ, മേലടി ഉപജില്ലാ എ.ഇ.ഒ പി.വിനോദ്, മേലടി ബി.ആർ.സി ബി.പി.സി അനുരാജ് വി, ട്രെയിനർമാരായ അനീഷ് പി, സുനിൽകുമാർ കെ, സി.ആർ.സി കോർഡിനേറ്റർ ഷീന ബി, ഹെഡ്മിസ്ട്രസ് രോഷ്നി എ.ആർ, പി.ടി.എ പ്രസിഡന്റ് പ്രജീഷ് നല്ലോളി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

കരുതലും കൈത്താങ്ങും: താലൂക്ക് അദാലത്തിൽ പരാതി സമർപ്പിക്കാൻ ഇനി രണ്ടു ദിവസം; ഏപ്രിൽ 15 വരെ പരാതി സമർപ്പിക്കാം

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും എന്ന പേരിൽ നടത്തുന്ന പരാതി പരിഹാര അദാലത്തിൽ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കുവാനുള്ള സമയപരിധി രണ്ടു ദിവസം കൂടി മാത്രം. ഏപ്രിൽ 15 ന് അപേക്ഷ സമർപ്പിക്കാനുള്ള സമയം അവസാനിക്കും.

ജില്ലയിലെ നാല് താലൂക്ക് കേന്ദ്രങ്ങളിലായാണ് അദാലത്തുകൾ നടക്കുന്നത്. കോഴിക്കോട് താലൂക്ക് അദാലത്ത് മെയ് രണ്ടിന് മലബാർ ക്രിസ്ത്യൻ കോളേജിലും താമരശ്ശേരി താലൂക്ക് അദാലത്ത് മെയ് നാലിന് താമരശ്ശേരി ഗവ.യുപി സ്കൂളിലും കൊയിലാണ്ടി താലൂക്ക് അദാലത്ത് മെയ് ആറിന് കൊയിലാണ്ടി ടൗൺഹാളിലും വടകര താലൂക്ക് അദാലത്ത് മെയ് എട്ടിന് വടകര ടൗൺഹാളിലും നടക്കും.

പരാതികൾ നേരിട്ട് താലൂക്ക് അദാലത്ത് സെല്ലുകൾ വഴിയും www.karuthal.kerala.gov.in എന്ന പോർട്ടൽ മുഖാന്തിരവും സമർപ്പിക്കുന്നതിനു സൗകര്യം ഏർപ്പെുടത്തിയിട്ടുണ്ട്. പൊതുജനങ്ങളിൽനിന്നു പരാതികൾ നേരിട്ടു സ്വീകരിക്കുന്നതിനായി താലൂക്ക് തലത്തിൽ താലൂക്ക് അദാലത്ത് സെല്ലും ലഭിക്കുന്ന പരാതികൾ പരിശോധിക്കുന്നതിനായി വകുപ്പുതലത്തിൽ ജില്ലാ അദാലത്ത് സെല്ലും പരാതിയിന്മേലുള്ള നടപടി നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ തല അദാലത്ത് മോണിറ്ററിംഗ് സെല്ലുകളും പ്രവർത്തിക്കും.

ഭൂമി സംബന്ധമായ വിഷയങ്ങൾ (അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം), സർട്ടിഫിക്കറ്റുകൾ / ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം നിരസിക്കൽ, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ ( വിവാഹ/പഠന ധനസഹായം ക്ഷേമ പെൻഷൻ മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെൻഷൻ കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌ക്കരണം, തെരുവ് നായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും, വഴിതടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതുജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻ കാർഡ് (എപിഎൽ/ബിപിഎൽ)ചികിത്സാ ആവശ്യങ്ങൾക്ക്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും നിവേദനങ്ങളും അദാലത്തിൽ നൽകാം.

വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/ സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളും അദാലത്തിൽ പരിഗണിക്കും.