‘പടക്കങ്ങള്‍ കൂടുതലായി കൊണ്ടുപോകുന്നത് കൊയിലാണ്ടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക്’; ട്രെയിനില്‍ പടക്കങ്ങള്‍ കൊണ്ടുപോകുന്നവര്‍ക്ക് മുന്നറിയിപ്പുമായി റെയില്‍വേ, പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ


Advertisement

കോഴിക്കോട്: വിഷു അടുത്തതോടെ ട്രെയിനില്‍ പടക്കങ്ങള്‍ കൊണ്ടുപോകുന്നത് വിലക്കി റെയില്‍വേ. ട്രെയിനില്‍ പടക്കങ്ങള്‍, മത്താപ്പൂ തുടങ്ങിയവ കൊണ്ടുപോകുന്നത് പിടിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം തടവും പിഴയും ശിക്ഷ ലഭിക്കുമെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യം സംബന്ധിച്ച് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണവും പരിശോധനയും ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ ശക്തമാക്കി. പാലക്കാട് ഡിവിഷണല്‍ സെക്യൂരിറ്റി കമ്മിഷണറുടെ നിര്‍ദേശപ്രകാരമാണ് പരിശോധന തുടങ്ങിയത്.

Advertisement

സാധാരണഗതിയില്‍ വിഷുക്കാലത്ത് കുടുംബങ്ങള്‍ ഉള്‍പ്പെടെ ഹ്രസ്വദൂരയാത്രയില്‍ പടക്കങ്ങളും മത്താപ്പൂ പോലുള്ള വസ്തുക്കളും വാങ്ങി ട്രെയിനില്‍ കൊണ്ടുപോകുന്നത് പതിവാണ്. കോഴിക്കോട്ടു നിന്ന് കൊയിലാണ്ടി, വടകര, ഭാഗങ്ങളിലേക്കും കണ്ണൂര്‍, തലശ്ശേരി, മാഹി എന്നിവിടങ്ങളില്‍ നിന്ന് വടകര ഭാഗത്തേക്കുമൊക്കെയാണ് ഇത്തരത്തില്‍ പടക്കങ്ങള്‍ കൊണ്ടുപോകാറ്. മാഹിയില്‍ പടക്കങ്ങള്‍ക്ക് വില കുറവായതിനാല്‍ നിരവധി പേരാണ് ഇവിടെയെത്തി പടക്കങ്ങള്‍ വാങ്ങി നാട്ടിലേക്ക് ട്രെയിനില്‍ കൊണ്ടുപോകാറ്.

Advertisement

എലത്തൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള പടക്കക്കടത്ത് പൂര്‍ണമായും തടയാനാണ് ആര്‍.പി.എഫ്. ലക്ഷ്യമിടുന്നത്. തീപ്പിടിത്തമുണ്ടായാല്‍ അത് വലിയ അപകടത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്. കൊണ്ടുവരുന്നത് ചെറിയ അളവിലായാല്‍പോലും നടപടി ഉണ്ടാകും. റെയില്‍വേ ആക്ട് 164-ാം വകുപ്പുപ്രകാരം അപകടം ഉണ്ടാക്കുന്ന വസ്തുക്കള്‍ തീവണ്ടിവഴി കൊണ്ടുപോകുന്നത് ഗൗരവകരമായ കുറ്റമാണ്.

Advertisement

ഇത് പലര്‍ക്കും അറിയില്ലെന്ന് ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ബോധവത്കരണവും നടത്തുന്നത്. വടകര റെയില്‍വേസ്റ്റേഷനില്‍ വെള്ളിയാഴ്ച ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്കരണം നടന്നു.

കോയമ്പത്തൂര്‍, തിരുപ്പൂര്‍ ഭാഗങ്ങളില്‍നിന്നൊക്കെ പടക്കങ്ങള്‍ വിലക്കുറവില്‍ കിട്ടുന്നതിനാല്‍ തീവണ്ടിവഴി ഇവ കേരളത്തിലേക്ക് കടത്തുന്നുണ്ടോ എന്നും ആര്‍.പി.എഫ്. പരിശോധിക്കുന്നുണ്ട്.