ഫറോക്കിലെ പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടുത്തം, തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാൾക്ക് പരിക്ക്; തീ അണയ്ക്കാനുള്ള പരിശ്രമം തുടരുന്നു (വീഡിയോ കാണാം)
കോഴിക്കോട്: ഫറോക്കില്‍ വന്‍ തീപ്പിടുത്തം. പഴയ പാലത്തിന് സമീപമുള്ള പെയിന്റ് ഗോഡൗണിലാണ് തീപ്പിടുത്തമുണ്ടായത്. അപകടത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
രാസവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ കുടുങ്ങിപ്പോയ തൊഴിലാളികളെ രക്ഷപ്പെടുത്തി. അഗ്നിശമനസേനയുടെ നാല് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പരിശ്രമം തുടരുകയാണ്.
വൈകീട്ട് അഞ്ചരയോടെയാണ് ഗോഡൗണില്‍ തീപ്പിടുത്തം ഉണ്ടായത്. പെയിന്റ് നിര്‍മ്മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിച്ച ഗോഡൗണാണ് ഇത്. പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കളാണ് ഇവിടെ സൂക്ഷിച്ചത് എന്നതാണ് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കുന്നത്.
മീഞ്ചന്ത, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളാണ് തീ അണയ്ക്കാനായി ഫറോക്കില്‍ എത്തിയത്. തീ അണയ്ക്കാനുള്ള തീവ്രമായ ശ്രമം തുടരുകയാണ്.
ഗോഡൗണിന് മുന്നിലുണ്ടായിരുന്ന ടാങ്കര്‍ ലോറിയിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. സമീപത്തുള്ള വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
തിന്നര്‍ ടാങ്കിനാണ് ആദ്യം തീ പിടിച്ചത്. തുടര്‍ന്ന് കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു. പൊട്ടിത്തെറിയോടെയാണ് തീ പടര്‍ന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.