എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയില്‍ കുട്ടിയുടെത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി
എലത്തൂര്‍: എലത്തൂര്‍ റെയില്‍വേ സ്റ്റേഷനും കോരപ്പുഴ റെയില്‍വേ പാലത്തിനും ഇടയില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കണ്ണൂരിലേക്ക് പോകുകയായിരുന്ന എക്‌സിക്യുട്ടീവ് എക്‌സ്പ്രസില്‍ സഹയാത്രക്കാരെ തീ കൊളുത്തിയ സംഭവം നടന്ന പാളത്തിന് സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ട്രെയിനില്‍ തീ പടര്‍ന്നെന്ന് അറിഞ്ഞപ്പോള്‍ പുറത്തേക്ക് ചാടിയവരുടേതാകാനാണ് സാധ്യത. നേരത്തെ ഒരു സ്ത്രീയും പുറത്തേക്ക് ചാടിയതായി ട്രെയിന്‍ കണ്ണൂര്‍ എത്തിയപ്പോള്‍ ട്രെയിനിലുണ്ടായിരുന്ന ചില യാത്രക്കാര്‍ പ്രതികരിച്ചിരുന്നു. മൃതദേഹം ഇവരുടേതാണെന്നാണ് സൂചന. പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിയ മട്ടന്നൂര്‍ സ്വദേശി റാസിഖ് കൂടെയുള്ള രണ്ടുപേരെ കാണാതായെന്ന് വിവരം നല്‍കിയിരുന്നു.
മട്ടന്നൂര്‍ സ്വദേശിനി റഹ്മത്ത് (43), ഇവരുടെ അനുജത്തിയുടെ മകളായ സഹാറ (രണ്ട്) എന്നിവരുടെതും മധ്യവയസ്‌കനായ ഒരാളുടെയും മൃതദേഹമാണ് കണ്ടെത്തിയത്.
രാത്രി ഒമ്പത് മണിക്ക് ശേഷമാണ് കണ്ണൂരിലേക്ക് പോവുകയായിരുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിന്‍ എലത്തൂര്‍ കോരപ്പുഴ പാലത്തില്‍ എത്തിയപ്പോള്‍ അക്രമം നടന്നത്. ചുവന്ന ഷര്‍ട്ട് ധരിച്ച തൊപ്പി വച്ച മധ്യ വയസ്‌കനായ സാധാരണ ശാരീരിക പ്രകൃതിയുള്ള അജ്ഞാതന്‍ കയ്യില്‍ കരുതിയ കുപ്പിയിലുണ്ടായിരുന്ന ഇന്ധനം റിസര്‍വ്വ്ഡ് കമ്പാർട്ട്മെന്റിലെ യാത്രക്കാര്‍ക്ക് നേരെ ഒഴിച്ച ശേഷം തീയിടുകയായിരുന്നു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറിയ ശേഷം ബോഗികള്‍ക്കുള്ളിലൂടെയാവാം ഇയാള്‍ റിസര്‍വ്വ്ഡ് കംപാര്‍ട്ട്‌മെന്റിലേക്ക് എത്തിയതെന്നാണ് സംശയിക്കുന്നത്.